ജെറുസലെം: 12 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവിനെ സ്ഥാനഭ്രഷ്ടനാക്കി യാമിന പാര്‍ട്ടി നേതാവ് നഫ്താലി ബെന്നറ്റ് ഇസ്രയേല്‍ പ്രധാനമന്ത്രിയായാല്‍ പലസ്തീന്‍കാര്‍ കൂടുതല്‍ പേടിക്കേണ്ടിവരും. കാരണം ഇദ്ദേഹം ഇസ്രയേല്‍, പലസ്തീന് എന്ന രണ്ട് രാഷ്ട്രങ്ങളെ അംഗീരിക്കാത്ത നേതാവാണ്. ഒരേയൊരു ഇസ്രയേല്‍ ഇതാണ് നഫ്താലി ബെന്നറ്റിന്റെ പ്രഖ്യാപിത ലക്ഷ്യം. മാത്രമല്ല, പലസ്തീന്‍കാര്‍ പുതിയ രാഷ്ട്രരൂപീകരണത്തിന് പ്രധാനമായി കാണുന്ന വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ ഇസ്രയേല്‍ കുടിയേറ്റക്കാരെ കൊണ്ടുപാര്‍പ്പിച്ച് അത് കൂടി ഇസ്രയേലിന്റെ ഭാഗമാക്കുകയാണ് നഫ്താലി ബെന്നറ്റിന്റെ പ്രഖ്യാപിത ലക്ഷ്യം.
ഇനി ഏതാനും മണിക്കൂറുകള്‍ കാത്തിരുന്നാല്‍ നെതന്യാഹുവിന് പകരം പ്രതിപക്ഷ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമോ എന്നറിയാനാകും. നെതന്യാഹു വിരുദ്ധ സഖ്യം സര്‍ക്കാര്‍ രൂപീകരണശ്രമത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി ഒത്തുകൂടി ചര്‍ച്ച നടത്തി. ഇപ്പോഴത്തെ ധാരണയനുസരിച്ച് എട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്ന് ഒരു സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനാണ് തീരുമാനം. ഈ സര്‍ക്കാരിന്റെ ആദ്യവര്‍ഷങ്ങളില്‍ പ്രധാനമന്ത്രിയായി എത്തുക നഫ്താലി ബെന്നറ്റാണ്. രണ്ടാം ഘട്ടത്തില്‍ യേഷ് അതിദ് പാര്‍ട്ടി നേതാവ് യായിര്‍ ലാപിഡ് പ്രധാനമന്ത്രിയാകും.
തീവ്ര വലതുപക്ഷപാര്‍ട്ടിയായ യാമിന രൂപീകരിച്ച നഫ്താലി ബെന്നെറ്റ് പ്രതിപക്ഷനേതാവ് യായിര്‍ ലാപിഡുമായി ധാരണയിലെത്തിയതോടെയാണ് നെതന്യാഹുവിന് ഭീഷണിയായത്. യാമിന എന്ന പാര്‍ട്ടി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ നേടിയിരുന്നു. പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ പാര്‍ട്ടിയായ യായിറിന്റെ യേഷ് അതിദിന് 17 സീറ്റുകള്‍ ലഭിച്ചു. യേഷ് അതിദിന്റെ സഖ്യകക്ഷികള്‍ക്കെല്ലാം കൂടി 34 സീറ്റുകളുണ്ട്. പലസ്തീന് അറബ് വംശജരുടെ യുനൈറ്റഡ് അറബ് ലിസ്റ്റിന് നാല് സീറ്റുകള്‍. യുനൈറ്റഡ് അറബ് ലിസ്റ്റിന്റെ പിന്തുണയില്ലാതെ പ്രതിപക്ഷ സഖ്യത്തിന് ഭരിക്കാനാവില്ല.
120 അംഗമുള്ള ഇസ്രയേല്‍ ഭരണകൂടത്തില്‍ പുതിയ സഖ്യകക്ഷിക്ക് കേവലഭൂരിപക്ഷമായ 61 സീറ്റുകള്‍ വരുന്നത് ഇങ്ങിനെയാണ്:
യേഷ് അതിദ്-17
യേഷ് അതിദ് സഖ്യകക്ഷികള്‍ -34
യാമിന-6
യൂനൈറ്റഡ് അറബ് ലിസ്റ്റ്-4
പുതിയ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അതിന്റെ അജണ്ട എന്താവും.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആശയപരമായ ഐക്യമില്ലെങ്കിലും നെതന്യാഹുവിനെ ഭരണത്തില്‍ നിന്നും പുറത്താക്കുക എന്ന വികാരമാണ് ഇവരെ ഒന്നിപ്പിക്കുന്നത്.
നെതന്യാഹു ഭരണത്തില്‍ പ്രതിരോധ മന്ത്രിയായ ബെന്നി ഗാന്റ്സിന്റെ നാഷണല്‍ യൂണിറ്റി ഗവണ്മെന്റുമായി സഖ്യമുണ്ടാക്കിയതായി യെഷ് അതിദ് പാര്‍ട്ടി നേതാവ് യായിര്‍ ലാപിഡ് പറഞ്ഞു. ഇടതു പക്ഷ പാര്‍ട്ടിയായ മെറെറ്റ്സ്, മധ്യ-ഇടതു ലേബര്‍ പാര്‍ട്ടികള്‍, വലതുപക്ഷ പാര്‍ട്ടിയായ യിസ്രയേല്‍ ബെയ്റ്റെനു പാര്‍ട്ടി എന്നിവയുമായും സഖ്യമുണ്ടാക്കിയതായി പറയുന്നു. നെതന്യാഹുവിന്റെ സുഹൃത്തായ ഗിഡിയൊണ് സാറിന്റെ ന്യൂ ഹോപ് പാര്‍ട്ടിയും അറബ് ഇസ്ലാമിസ്റ്റ് റാം പാര്‍ട്ടിയും ഈ സഖ്യത്തിലുണ്ട്. പുതുതായി അധികാരത്തില്‍ എത്തുന്ന സഖ്യകക്ഷിയിലെ എട്ട് പാര്‍ട്ടികള്‍ക്ക് തമ്മിലുള്ള സാമ്യമില്ലെന്നും അവര്‍ ഇസ്രയേലിനെ ദുര്‍ബലപ്പെടുത്തുമെന്നും നെതന്യാഹു ഭീഷണിപ്പെടുത്തുന്നു.
ഇതില്‍ നിര്‍ണ്ണായകമാവുക പലസ്തീന് അറബ് വംശജരുടെ യുനൈറ്റഡ് അറബ് ലിസ്റ്റിന്റെ പിന്തുണയാണ്. ഇവര്‍ക്ക് നാല് സീറ്റുകള്‍ ഉണ്ട്. ഇവരുടെ പിന്തുണയില്ലാതെ നഫ്താലി ബെന്നറ്റിന് ഭരിയ്ക്കാന്‍ കഴിയില്ല. യുനൈറ്റഡ് അറബ് ലിസ്റ്റിന്റെ പിന്തുണയില്ലാതെ പ്രതിപക്ഷ സഖ്യത്തിന് ഭരിക്കാനാവില്ല. പക്ഷെ ഇസ്രയേലിലെ 20 ശതമാനം വരുന്ന അറബ് വംശജരെ പ്രതിനിധീകരിക്കുന്ന യൂണൈറ്റഡ് അറബ് ലിസ്റ്റ് (യുഎഎല്‍) എന്ന പാര്‍ട്ടിയ്ക്ക് എങ്ങിനെയാണ് തീവ്ര ഇസ്രയേല്‍ വാദിയായ നഫ്താലി ബെന്നറ്റുമായി കൂട്ടുകൂടാന്‍ സാധിക്കുക ?ഇതാണ് ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: