കോട്ടയം: മുന്നാക്ക സമുദായപട്ടിക പ്രസിദ്ധീകരിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ച് എന്‍എസ്എസ്. 2021 മാര്‍ച്ച് 24ലെ ഹൈക്കോടതി ഉത്തരവുപ്രകാരം 2021 ഏപ്രില്‍ 23നകം സര്‍ക്കാര്‍ മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. എന്നാല്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും പട്ടിക പ്രസിദ്ധീകരിക്കാത്തതിനാലാണ് ചീഫ് സെക്രട്ടറിക്ക് എതിരെ വക്കീല്‍ മുഖാന്തിരം എന്‍എസ്എസ് കോടതിയലക്ഷ്യനോട്ടീസ് നല്‍കിയിരിക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന പത്തു ശതമാനം സംവരണം, മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കാത്തതുവഴി നിരര്‍ത്ഥകമാവുകയാണെന്നും അതിനാല്‍ ഉടനടി പട്ടിക പ്രസിദ്ധീകരിക്കണമെന്നും വീഴ്ച ഉണ്ടായാല്‍ ചീഫ് സെക്രട്ടറിക്ക് എതിരെ വ്യക്തിപരമായി കോടതിയലക്ഷ്യനടപടികള്‍ സ്വീകരിക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നല്കിയ കോടതിയലക്ഷ്യ നോട്ടീസില്‍ പറയുന്നു.
മുന്നാക്ക സമുദായപട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന കാലതാമസം ചോദ്യം ചെയ്തും പട്ടിക പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടും 2021 ഫെബ്രുവരിയില്‍ എന്‍എസ്എസ് ഹൈക്കോടതിയില്‍ ഉപഹര്‍ജി സമര്‍പ്പിച്ചിരുന്നു. വാദംകേട്ട കോടതി മുന്നാക്കസമുദായപട്ടിക ഒരുമാസത്തിനകം പ്രസിദ്ധീകരിക്കണമെന്ന് 2021 മാര്‍ച്ച് 24ന് സംസ്ഥാനസര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
പട്ടിക പ്രസിദ്ധീകരിക്കുന്നതിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമാണ് എന്ന സര്‍ക്കാര്‍വാദം കോടതി തള്ളി. മുന്നാക്ക സമുദായപട്ടിക പ്രസിദ്ധീകരിക്കേണ്ടത് സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള ‘കേരള സംസ്ഥാന കമ്മീഷന് നിയമം 2015’ പ്രകാരമാണ്. നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നിര്‍വഹിക്കുമ്പോള്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം അതിന് തടസ്സമാവില്ല.
പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് വളരെ മുമ്പുതന്നെ 2020 മെയ് നാലിന് മുന്നാക്ക സമുദായപട്ടിക ഉള്‍പ്പെടുന്ന മുന്നാക്ക സമുദായ കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ പട്ടിക പ്രസിദ്ധീകരണം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടപരിധിയില് ഉള്‍പ്പെടില്ല എന്ന് നിരീക്ഷിച്ചാണ് പട്ടിക ഒരുമാസത്തിനകം പ്രസിദ്ധീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. മുന്നാ ക്കവിഭാഗങ്ങളില് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നവരെ ലിസ്റ്റ് പ്രസിദ്ധീകരിക്കാതിരിക്കുന്നത് ബാധിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: