കോട്ടയം: ലക്ഷദ്വീപ് വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയതിന് യാതൊരു വിലയുമില്ലെന്നും മുഖ്യമന്ത്രി കിറ്റ് നല്‍കുന്നതിനെതിരെ പുതുപ്പള്ളി പഞ്ചായത്തോ, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയോ പ്രമേയം പാസ്സാക്കുന്നത് പോലെയാണിതെന്ന് പി.സി. ജോര്‍ജ് ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രദേശത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് അധികാരം. ആരും മൈന്‍ഡ് ചെയ്യില്ല. ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സര്‍വ്വകക്ഷിസംഘം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും കണ്ട് ആശങ്ക അറിയിക്കുകയാണ് വേണ്ടത്.
പ്രമേയം കൊണ്ട് ഒരു കാര്യവുമില്ല. പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം. ലക്ഷദ്വീപില്‍ ഗുണ്ടാ ആക്റ്റ് നടപ്പാക്കിയതിനെതിരെ പ്രതിഷേധിക്കുന്ന മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തില്‍ ഗുണ്ടാആക്റ്റ് നടപ്പാക്കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് മിണ്ടുന്നില്ല. സ്വന്തം വീട് നന്നാക്കിയിട്ട് പോരെ അടുത്ത വീട്ടിലെ കാര്യം നോക്കാന്‍. ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍ 5000 കോടി രൂപ മുടക്കി ലക്ഷദ്വീപില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ അനുകൂലിക്കുന്നു.
ഇസ്രേയേലില്‍ സൗമ്യ സന്തോഷിന് പകരം ഒരു മുസ്ലിം സ്ത്രീയാണ് മരണപ്പെട്ടിരുന്നതെങ്കില്‍ മുഖ്യമന്ത്രി പോകുമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി മര്യാദ കാണിക്കണം. പിണറായിക്ക് നട്ടെല്ലിന് പകരം വാഴനാര് ആണ് അതുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് തിരുത്തിയത്. ഇസ്രായേല്‍-പാലസ്തീന് വിഷയത്തില്‍ അഭിപ്രായം പറയാനില്ല. എന്നാല്‍ ഹമാസ് ആക്രണത്തില്‍ കൊല്ലപ്പെട്ടത് നമ്മുടെ സഹോദരിയാണ്. അതില്‍ അഭിപ്രായം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: