ഇരിട്ടി : കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്കുള്ള മദ്യക്കടത്ത് പിടികൂടുന്നത് നിത്യസംഭവമാകുന്നു. ചൊവ്വാഴ്ച പച്ചക്കറി വാഹനത്തിൽ കടത്തിയ 230 ലിറ്റർ മദ്യമാണ് ഇരിട്ടി പോലീസ് പിടികൂടിയത് . ഇതോടെ കർണ്ണാടകത്തിൽ നിന്നും മാക്കൂട്ടം ചുരം വഴി മൂന്നാഴ്‌ച്ചക്കിടെ കേരളത്തിലേക്ക് കടത്തിയ മദ്യത്തിന്റെ അളവ് 900 ലിറ്ററായി ഉയർന്നു.
ചൊവ്വാഴ്ച പിടികൂടിയ മദ്യക്കടത്തുമായി ബന്ധപ്പെട്ട് ഹുൻസൂർ സ്വദേശികളായ മുഹമ്മദ് ഹുസൈൻ, ഹിദായത്ത് എന്നിവരെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ചൊക്ലിയിലേക്കാണ് മദ്യം കൊണ്ടുപോകുന്നതെന്ന് അറസ്റ്റിലായവർ പോലീസിനോട് പറഞ്ഞു. എസ് ഐ മാരായ കെ. കെ. രാജേഷ് കുമാർ, അബ്ബാസലി, ബില്ലി, ജൂനിയർ എസ് ഐ അഖിൽ, സിവിൽ പോലീസ് ഓഫീസർമാരായ റഷീദ് ,ഷൗക്കത്ത്, സൗമ്യ കുര്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മദ്യക്കടത്തു പിടികൂടിയത്.
ലോക്ക് ഡൗണിനെത്തുടർന്ന് കേരളത്തിൽ മദ്യശാലകൾ അടഞ്ഞു കിടക്കുകയാണ്. ഈസാഹചര്യം മുതലാക്കിയാണ് മദ്യക്കടത്തു സംഘങ്ങൾ സജീവമായത്. കർണാടകത്തിലെ ഹുൻസൂർ, മടിക്കേരി, അമ്മത്തി, വീരാജ്പേട്ട എന്നിവിടങ്ങളിലി നിന്നുമാണ് മദ്യം എത്തിക്കുന്നത്. ഇതിനായി ഇടനിലക്കാരും പ്രവർത്തിക്കുന്നുണ്ട്. കടത്തിക്കൊണ്ടുവരുന്ന മദ്യം രണ്ടും മൂന്നും ഇരട്ടി വിലക്കാണ് വിൽപ്പന നടത്തുന്നത്. എത്രവിലകൊടുത്ത് വാങ്ങാനും ആവശ്യക്കാരും ഇഷ്ടം പോലെ.
ലോക്ക് ഡൗൺ മൂലം ചരക്കു വാഹനങ്ങളാണ് മാക്കൂട്ടം ചുരം വഴി ഏറെയും കടന്ന് പോകുന്നത്. ഇതിൽ ഏറെയും പച്ചക്കറി വണ്ടികളും. പച്ചക്കറി കൊണ്ടുവരുന്ന ട്രേകളിലും ചാക്കുകൾക്കിടയിലും മദ്യക്കുപ്പികൾ ഒളിപ്പിക്കുന്നത് എളുപ്പവുമാണ് എന്നതാണ് മദ്യക്കടത്തുകാർ ഇത്തരം വാഹനങ്ങളെ ആശ്രയിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചക്കിടയിൽ പിടികൂടിയ വാഹനങ്ങളിൽ നാലെണ്ണം പച്ചക്കറി വണ്ടിയും ഒന്നുവീതം മത്സ്യവണ്ടിയും ട്രാവലറുമാണ്. 900 ലിറ്റർ മദ്യമാണ് ഇത്രയും വാഹനങ്ങളിൽ നിന്നുമായി പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: