തൃശൂര്‍: കൊവിഡിന്റെ മറവില്‍ തൃശൂര്‍ കോര്പ്പറേഷന് പരിസരത്തെ പഴയ കെട്ടിടം പൊളിക്കാന്‍ ഭരണസമിതി നീക്കം. ആരോഗ്യ വിഭാഗം ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് വേണ്ടത്ര പഠനം നടത്താതെ മേയറുടെയും ഭരണസമിതിയുടെയും ഒത്താശയോടെ പൊളിച്ച് നീക്കുന്നത്. സംരക്ഷിത പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന കെട്ടിടം പൊളിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ഉയരുന്നത്.
കാലപഴക്കമുള്ള കെട്ടിടമാണെങ്കിലും കേടുപാടുകളൊന്നും കെട്ടിടത്തിനില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കെട്ടിടമാണെങ്കിലും ഉറപ്പുള്ള അടിത്തറയാണ് കെട്ടിടത്തിനുള്ളതെന്ന് കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
കോര്പ്പറേഷന് ഓഫീസ് പരിസരത്ത് ഇരുവശത്തുമായി രണ്ട് കെട്ടിടങ്ങള്‍ ഉണ്ട്. ഇതില്‍ ഇടതുവശത്തെ കെട്ടിടമാണ് പൊളിച്ചു നീക്കുന്നത്. ഉദ്യോഗസ്ഥരെക്കൊണ്ട് പഴയ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന റിപ്പോര്‍ട്ട് കൃത്രിമമായി ഉണ്ടാക്കിയെന്നും ആരോപണം ഉയരുന്നുണ്ട്.
പഴയ കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് നഗരാസൂത്രണകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയെ പോലും അറിയിച്ചിട്ടില്ല. ശക്തന് സ്റ്റാന്‍ഡ് പരിസരത്ത് പുതിയ കോര്പ്പറേഷന് ഓഫീസ് കെട്ടിടം പണിയാനുളള പ്രോജക്ടിന് കൗണ്‍സില്‍ അംഗീകാരമുള്ളപ്പോള് ഇപ്പോഴത്തെ കോര്പ്പറേഷന് ഓഫീസിനകത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനെതിരെയും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: