തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിനിടെ രാജ്യവിരുദ്ധ പ്രസ്താവനയും. മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച പ്രമേയത്തില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചപ്പോഴാണ് രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നിയമസഭയില്‍ ഉയര്‍ന്നത്. പ്രതിപക്ഷ നിരയില്‍ നിന്നു സംസാരിച്ച കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസാണ് ഇന്ത്യയ്ക്ക് ലക്ഷദ്വീപിന് മേലുള്ള അധികാരത്തെ ചോദ്യം ചെയ്ത് വിഘടനവാദത്തെ പ്രോത്സാഹിപ്പിച്ചത്.
നിയമസഭ സംയുക്തമായി അവതരിപ്പിച്ച പ്രമേയത്തില്‍, ടിബറ്റില്‍ കടന്നുകയറി കമ്മ്യൂണിസ്റ്റ് ചൈന ഒരു ജനതയെയും സംസ്കാരത്തെയും ഇല്ലായ്മ ചെയ്തത് എങ്ങനെയാണോ, അതിന് സമാനമായ നടപടിയാണ് ഇന്ത്യ ലക്ഷദ്വീപിലും ചെയ്യുന്നതെന്നാണ് പിടി തോമസ് സഭയില്‍ പറഞ്ഞത്. ഇന്ത്യയുടെ ഭൂപ്രദേശമായ ലക്ഷദ്വീപിനെ മറ്റൊരു പ്രദേശമായി പിടി തോമസ് ചിത്രീകരിക്കുകയായിരുന്നു. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നുള്ള വിഘടനവാദം ഉയര്‍ത്തിയ രീതിയിലുള്ള പ്രസംഗമാണ് പിടി തോമസ് സഭയില്‍ നടത്തിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയുടെ അധീനതയിലുള്ള ലക്ഷദ്വീപിനെ മറ്റൊരു കലാപഭൂമിയാക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ അവതരിപ്പിച്ച പ്രമേയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച, കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ വിമര്‍ശിക്കുന്ന , ഭേദഗതികള്‍ കൂടി അംഗീകരിച്ച് സഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കുകയായിരുന്നു. അനൂപ് ജേക്കബ്, എന്‍. ഷംസുദ്ദീന്, പി.ടി. തോമസ് എന്നിവര്‍ പ്രതിപക്ഷത്തുനിന്ന് ഉന്നയിച്ച ഭേദഗതികളില്‍ പലതും മുഖ്യമന്ത്രി അംഗീകരിച്ചു. കേന്ദ്രസര്‍ക്കാരിനെതിരായ നിലപാടില്‍ പ്രമേയവുമായി ബന്ധപ്പെട്ട് സംസാരിച്ച ഇരുമുന്നണികളിലെയും നേതാക്കള്‍ ഒത്തൊരുമയോടെ കൈകോര്‍ത്തു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ ഉത്തരവാദിത്തങ്ങളില്‍നിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനമാര്‍ഗങ്ങളും സാംസ്കാരികതയും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയമാണ് മുഖ്യമന്ത്രി പിണറായി വിജയന് ചട്ടം 118 അനുസരിച്ച് അവതരിപ്പിച്ചത്. പ്രമേയ അവതരണത്തിനിടെയില്‍ സഭയില്‍ ഉയര്‍ന്ന രാജ്യവിരുദ്ധ പ്രസ്താവനയില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
വീഡിയോയുടെ 12 മിനിട്ടിലാണ് പിടി തോമസിന്റെ വിവാദമായ പ്രസ്താവന
പ്രതികരിക്കാൻ ഇവിടെ എഴുതുക: