കൊല്‍ക്കത്ത : പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും വിട്ടു നിന്ന ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാദ്ധ്യായ്ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്കി കേന്ദ്ര സര്‍ക്കാര്‍. യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട യോഗത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നത് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിനെ എന്തുകൊണ്ട് മുന്‍കൂട്ടി അറിയിച്ചില്ലെന്നാണ് നോട്ടീസില്‍ ചോദിച്ചിരിക്കുന്നത്. അച്ചടക്ക നടപടികളുടെ ഭാഗമായി ഇദ്ദേഹത്തിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ദുരന്തനിവാരണ നിയമം 51 ബി വകുപ്പ് പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ബന്ധോപാദ്ധ്യായ്ക്കെതിരെ നോട്ടീസ് നല്‍കിയത്. ഒരു കൊല്ലം വരെ തടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
ചീഫ് സെക്രട്ടറി പദവിയുടെ സര്‍വീസ് കാലാവധി അവസാനിച്ചശേഷവും ബംഗാളില്‍ തന്നെ തുടര്‍ന്ന ബന്ധോപാദ്ധ്യായെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു വിളിച്ചിട്ടും ഹാജരായിരുന്നില്ല. തുടര്‍ന്ന് സര്‍വീസില്‍ നിന്ന് വിരമിച്ച ഇദ്ദേഹത്തെ മുഖ്യ ഉപദേശകനായി മമത ബാനര്‍ജി നിയമിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കാതിരിക്കുകയും സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്തതിന്റെ പേരില്‍ നടപടി എടുക്കാതിരിക്കാനുള്ള കാരണം കാണിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വീസില്‍നിന്ന് വിരമിച്ചാലും നാലു വര്‍ഷം വരെ ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനാകും എന്നാണ് നിയമം. ഇത് പ്രകാരമാണ് കേന്ദ്രം നടപടി കൈക്കൊണ്ടിരിക്കുന്നത്.
യാസ് ചുഴലിക്കാറ്റ് നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി ബംഗാളില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. പകരം ഹെലിപ്പാഡിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. പിന്നീട് കാലാവധി പൂര്‍ത്തിയാക്കിയ ബന്ധോപാദ്ധ്യായയെ കേന്ദ്രം തിരിച്ചു വിളിച്ചപ്പോഴും നിഷേധാത്മകമായ നടപടികളാണ് സംസ്ഥാനം കൈക്കൊണ്ടത്. അതേസമയം സംസ്ഥാനത്തെ പുതിയ ചീഫ് എച്ച്.കെ. ദ്വിവേദി ചുമതലയേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: