ദുബായ്: ഏഷ്യന്‍ ഗെയിംസ് ബോക്സിങ്ങില്‍ ഇന്ത്യയുടെ പൂജാ റാണിക്ക് സ്വര്‍ണം. ആറു തവണ ലോക ചാമ്പ്യനായ മേരി കോം അടക്കം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ വെളളിയും സ്വന്തമാക്കി.
എഴുപത്തിയഞ്ച് കിലോഗ്രാം വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനായ പൂജാ റാണി ഉസ്ബകിസ്ഥാന്റെ മോവ്ലോണോവയെ തോല്‍പ്പിച്ചാണ് കിരീടം നിലനിര്‍ത്തിയത്. പൂജാ റാണിക്ക് പതിനായിരം ഡോളര്‍ സമ്മാനത്തുക ലഭിച്ചു.
മേരി കോമിന് (51 കി.ഗ്രാം) പുറമെ ലാല്ബൗത്സയ്ഹിയും (64 കി.ഗ്രാം) അനുപമയുമാണ് (81 പ്ലസ്) വെള്ളി മെഡല്‍ നേടിയത്. ഈ മൂന്ന് പേരും ഫൈനലില്‍ തോറ്റു. വെളളി മെഡല്‍ സ്വന്തമാക്കിയ ഇവര്‍ക്ക് അയ്യായിരം ഡോളര്‍ വീതം സമ്മാനത്തുക കിട്ടി.
ശക്തമായ പോരാട്ടത്തില്‍ മേരി കോം കസാഖ്സ്ഥാന്റെ നസീമിനോട് 2-3 ന് തോറ്റു. മറ്റൊരു കസാഖ് താരം മിലാനയാണ് ലാല്‍ബൗത് സയ്ഹിയെ ഫൈനലില്‍ പരാജയപ്പെടുത്തിയത്. മുന്‍ ലോക ചാമ്പ്യന്‍ ലാസത്താണ് അനുപമയെ പരാജയപ്പെടുത്തിയത്.
സിംരഞ്ജിത്ത് കൗര്‍ (60 കി.ഗ്രാം), വികാസ് കൃഷ്ണ് (69), ലോവ്ലിന (69), ജാസ്മിന് (57), സാക്ഷി ചൗധരി (64), മോണിക്ക (48), സാവീറ്റി (81), വീരേന്ദ്രര്‍ സിങ് (60) എന്നീ ഇന്ത്യന്‍ താരങ്ങള്‍ വെങ്കലം കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: