ന്യൂദല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ മൊത്തം ആഭ്യന്തരോല്പാദനത്തില് (ജിഡിപി) 1.6 ശതമാനം വര്‍ധന നേടി രാജ്യം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേതുമായി തട്ടിച്ചുനോക്കുമ്പോഴാണ് ഈ വളര്‍ച്ച. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 0.4 ശതമാനമായിരുന്നു വളര്‍ച്ച.
ഇതോടെ മൂന്നും നാലും സാമ്പത്തികപാദങ്ങളില്‍ രാജ്യം വളര്‍ച്ച നേടിയെന്ന് ആശ്വസിക്കാം. 2020-21ലെ ആദ്യ രണ്ട് സാമ്പത്തികപാദങ്ങളില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു ഈ വളര്‍ച്ച. 2020-21ന്റെ ആദ്യപാദത്തില്‍ ഇന്ത്യയുടെ ജിഡിപി 24.38 ശതമാനം കുറഞ്ഞിരുന്നു. നാലാം പാദത്തില്‍ നിര്‍മ്മാണമേഖലയില്‍ 14 ശതമാനം വളര്‍ച്ചയുണ്ടായി. ഗ്യാസ്, വൈദ്യുതി, ജലവിതരണം എന്നീ യുട്ടിലിറ്റീസ് മേഖലയില്‍ 9.1ശതമാനം വളര്‍ച്ച നേടി. അതേ സമയം സേവനമേഖലയില്‍ 2.3 ശതമാനം ചുരുങ്ങി. എങ്കിലും മൂന്നും നാലും പാദങ്ങളിലെ വളര്‍ച്ച ഒരു തിരിച്ചുവരവിന്റെ സൂചനയാണ്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങള്‍.
അതേ സമയം കോവിഡിന്റെ രണ്ട് തരംഗങ്ങളും ലോക്ഡൗണുകളും സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 2020-21 വര്‍ഷത്തെ മൊത്തം ആഭ്യന്ത്ര ഉല്പാദനത്തില് (ജിഡിപി) 7.3 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് കാണിക്കുന്നത്. കോവിഡ് പ്രതിരോധിക്കാന്‍ 2020 മാര്‍ച്ചില്‍ രാജവ്യാപകമായി ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി. 2020 ജൂലൈ മുതല്‍ അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചെങ്കിലും സമ്പദ് വ്യവസ്ഥ മുന്നോട്ട് പോയില്ല. ഇപ്പോഴിതാ രണ്ടാം തരംഗവും ഏറെ തിരിച്ചടികള്‍ സമ്മാനിച്ചു. കോവിഡിന്റെയും ലോക്ഡൗണിന്റെയുമൊക്കെ പരിണിതഫലമാണ് ഇവ. എങ്കിലും കൃത്യസമയത്ത് വരാനിരിക്കുന്ന മണ്‍സൂണും ഭക്ഷ്യകയറ്റുമതിയിലെ വര്‍ധനയും പ്രതീക്ഷയുടെ വെള്ളിവെളിച്ചങ്ങളാണ്. കോവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്കയുണ്ടെങ്കിലും ആദ്യതരംഗത്തിന്റേതുപോലെ തിരിച്ചടിയുണ്ടാകില്ലെന്ന് റിസര്‍വ്വ് ബാങ്ക് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: