ആലപ്പുഴ: മഹാപ്രളയത്തിന് ശേഷം കുട്ടനാടിനെ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പാതിതൊടാതെ ഒലിച്ചുപോയി. 2018-ലെ പ്രളയാനന്തര കുട്ടനാട്ടിന്റെ പുനരുദ്ധാരണത്തിന് വന്‍ പദ്ധതികളാണ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ചത്. കുട്ടനാട് പാക്കേജിലും, പ്രളയ പദ്ധതിയിലും പെടുത്തി ബജറ്റില്‍ ഫണ്ട് അനുവദിക്കുന്നതല്ലാതെ പദ്ധതികളുടെ നടത്തിപ്പ് പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരോ, ജനപ്രതിനിധികളോ ശ്രമിച്ചിട്ടില്ല. വര്‍ഷാവര്‍ഷം മൂന്ന് നാല് പ്രാവശ്യം വെള്ളപ്പൊക്ക ദുരിതം അനുഭവിക്കാനാണ് കുട്ടനാട്ടുകാരുടെ വിധി. മഴ ശക്തിപ്പെട്ടാല്‍ ഒഴുകിയെത്തുന്ന കിഴക്കന്‍ വെള്ളം കുട്ടനാടിനെ മുക്കാറുണ്ട്. ജലസേചന സംഭരണികള്‍ തുറന്നുവിട്ടാലും കുട്ടനാട്ടുകാരാണ് ദുരിതം അനുഭവിക്കുന്നത്.
വെള്ളപ്പൊക്ക കെടുതിയില്‍ നിന്ന് കുട്ടനാടിനെ സംരക്ഷിക്കാന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. തണ്ണീര്‍മുക്കം ബണ്ടിലേക്കും, തോട്ടപ്പള്ളി സ്പില്‍വേയിലേക്കുമുള്ള ജലപാതകള്‍ ആഴംകൂട്ടാന്‍ പോലും കഴിഞ്ഞിട്ടില്ല. ഗ്രാമീണ ജലസ്രോതസുകള്‍ അടഞ്ഞു. മഴക്കാലത്ത് വെള്ളം ഉള്‍ക്കൊള്ളാനും, വേനലില്‍ ജല ലഭ്യത ഉറപ്പാക്കാനും കഴിയുന്നില്ല. പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ പ്രധാന നദികള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക ജലസ്രോതസുകളും നികന്ന നിലയിലാണ്. ലീഡിങ് ചാനലും, എസി കനാലും ആഴം കൂട്ടാന്‍ പദ്ധതി വിഭാവനം ചെയ്തെങ്കിലും പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഗ്രാമീണ തോടുകള്‍ പോലും ആഴം കൂട്ടി ജലപാത സുഗമമാക്കാനോ, ജല ലഭ്യത ഉറപ്പുവരുത്താനോ സര്‍ക്കാര്‍ മുന്‍കൈയെടുത്തില്ല.
കായല്‍ നിലങ്ങള്‍ ഉള്‍പ്പെടെ പാടശേഖര പുറംബണ്ടുകള്‍ ഉയര്‍ത്തി ബലപ്പെടുത്തി പുഞ്ചകൃഷിക്കൊപ്പം രണ്ടാംകൃഷിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തിയത്. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഏതാനും പാടശേഖര പുറംബണ്ടുകള്‍ സ്ഥാപി
ക്കാന്‍ മാത്രമാണ് കഴിഞ്ഞത്. വെള്ളപ്പൊക്ക സീസണ് ആരംഭിക്കുന്നതോടെ വിളവെത്തിയ നിരവധി പാടങ്ങളാണ് തുടരെ ബണ്ട് തകര്‍ന്ന് കൃഷി നശിക്കുന്നത്. നെല്‍കൃഷിക്കൊപ്പം കരകൃഷിയും വെള്ളപ്പൊക്കത്തെ ഭയന്ന് കര്‍ഷകര്‍ ഉപേക്ഷിക്കുകയാണ്. പാടശേഖര പു
റംബണ്ടുകളുടെ അഭാവത്തില്‍ ബണ്ടുകള്‍ക്ക് ചുറ്റും, പാടശേഖര നടുവിലുമുള്ള നിരവധി കുടുംബങ്ങളാണ് ഒറ്റപ്പെടുന്നത്. സഞ്ചാര യോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ വൃദ്ധരും കുട്ടികളും അടങ്ങുന്ന കുടുംബങ്ങള്‍ വാഴപിണ്ടിയിലോ, തടിപ്പലകയിലോ തട്ടുകെട്ടിയാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്.
പ്രളയ ദുരിതം ബാധിച്ച എല്ലാവര്ക്കും വാസയോഗ്യമായ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന പ്രഖ്യാപനവും ഫലം കണ്ടില്ല. രണ്ട് ദിവസം തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വീടുകള്‍ മുങ്ങാറാണ് പതിവ്. നിരവധി കുടുംബങ്ങളാണ് തകര ഷീറ്റില്‍ നിര്‍മ്മിച്ച വീടുകളില്‍ അന്തിയുറങ്ങുന്നത്. വെള്ളപ്പൊക്ക സീസണില്‍ ക്യാമ്പുകള്‍ മാത്രമാണ് ഇവര്‍ക്ക് ആശ്രയം. ഓരോ വര്‍ഷം കഴിയുന്തോറും കുട്ടനാട്ടിലെ ക്യാമ്പുകളില്‍ കഴിയുന്ന ദുരിതബാധിതരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
കൃഷിയിടങ്ങളും ജലസ്രോതസുകളും ചുരുങ്ങി വരുകയാണ്. ഏക്കര്‍ കണക്കിന് കരഭൂമി ഉള്ളവര്‍ പോലും വര്‍ഷാവര്‍ഷം നിലം നികത്താറുണ്ട്. സ്വന്തമായി കരഭൂമിയുള്ള കുടുംബങ്ങള്‍ക്ക് നിലം നികത്തലിനുള്ള അനുമതി നിഷേധിച്ചും, കുട്ടനാട് പാക്കേജും, പ്രളയ പദ്ധതികളും സുതാര്യമായി നടപ്പാക്കിയാല്‍ കുട്ടനാടന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരം കാണാന്‍ കഴിയുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: