തിരുവനന്തപുരം: ഐബിഎസ് സോഫ്റ്റ് വെയറിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി ആഷിഷ് നന്ദ നിയമിതനായി. ഫിനാന്‍ഷ്യല്‍ മേഖലയില്‍ 20 വര്‍ഷങ്ങള്‍ക്ക് മേല്‍ നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആഷിഷ്, പ്രമുഖ ബാങ്കിംഗ് സോഫ്റ്റ് വെയര്‍ കമ്പനിയായ ന്യൂക്ലിയസ് സോഫ്റ്റ് വെയറിന്റെ സിഎഫ്ഒ പദവിയില്‍ നിന്നാണ് ഐബിഎസിലേക്കെത്തുന്നത്. ന്യൂക്ലിയസിന്റെ ബിസിനസ് പരിവര്‍ത്തനങ്ങള്‍ക്കും മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് ആഷിഷ് ആയിരുന്നു. എന്‍ഐഐടി ലിമിറ്റഡിന്റെ ഫിനാന്‍സ് വിഭാഗത്തിലും സുപ്രധാന പദവികള്‍ വഹിച്ചിരുന്നു.
ആഗോള സാങ്കേതിക ബിസിനസ് മേഖലയില്‍ ഏറെ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയം ഉള്ള സിഎഫ്ഒ ആണ് ആഷിഷ് നന്ദ എന്ന് ഐബിഎസ് സിഇഒ ആനന്ദ് കൃഷ്ണന് അഭിപ്രായപ്പെട്ടു. സാസ് അധിഷ്ഠിതവും അല്ലാത്തതുമായി ബിസിനസ് മേഖലകളുടെ ഫിനാന്‍സ് വിഭാഗങ്ങളുടെ അമരത്ത് നിന്ന് ആഷിഷ് ഐബിഎസിലേക്കെത്തുന്നതിനെ ഏറെ പ്രത്യാശയോടെ കാണുന്നു. ഒരു ലോകോത്തര സോഫ്റ്റ് വെയര്‍ പ്രോഡക്ട് കമ്പനി എന്ന ലക്ഷ്യത്തിലേക്കുള്ള ഐബിഎസിന്റെ പ്രയാണത്തിന് ആഷിഷിന്റെ പരിചയസമ്പത്ത് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാത്രാനുബന്ധ വ്യവസായങ്ങളെ അങ്ങേയറ്റം പ്രതികൂലമായി ബാധിച്ച കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള ഐബിഎസിന്റെ പ്രവര്‍ത്തനശൈലി അങ്ങേയറ്റം ശ്ലാഖനീയമാണെന്ന് ആഷിഷ് നന്ദ അഭിപ്രായപ്പെട്ടു. കമ്പനി വളര്‍ച്ചയുടെ സുപ്രധാന ഘട്ടത്തില്‍ ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും ആഷിഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: