തിരുവനന്തപുരം: റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും എന്നാല്‍, കരാറിന്റെ മറവില്‍ കുറച്ചു പേര് ഇടപാടുകള്‍ നടത്തിയെന്നും ലൈഫ് മിഷന് സിഇഒ യു.വി. ജോസ്. സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനെ തുടര്‍ന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഏറെ ആഗ്രഹിച്ച പോസ്റ്റായിരുന്നുവെന്നും ഒരു വര്‍ഷം കൊണ്ട് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളില്‍ ഒന്നായി പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് ലൈഫ് മിഷനെ വളര്‍ത്താന്‍ സാധിച്ചുവെന്നും കുറിപ്പില്‍ പറയുന്നു. രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം സംസ്ഥാനം കണ്ടിട്ടുള്ളതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു പൊതുപരിപാടിയായി. എന്നാല്‍, അവിടന്നങ്ങോട്ട് ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പിടിച്ചുകുലുക്കിയ അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ സംഭവങ്ങളായിരുന്നു. റെഡ് ക്രസന്റ് എന്ന അന്തരാഷ്ട്ര സംഘടനയുമായുള്ള ധാരണാപത്രം ഒപ്പിടലും അതിന്റെ മറവില്‍ കുറച്ചുപേര്‍ നടത്തിയ ഇടപാടുകളുമൊക്കെ ഇന്ന് കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളാണ്.
ലൈഫ് മിഷന് സിഇഒ എന്ന നിലയില്‍ അന്വേഷണ ഏജന്‍സികളുടെ തെളിവെടുപ്പും, മീഡിയയുടെ ആക്രമണവും ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത മാനസിക സംഘര്‍ഷമുണ്ടാക്കി. ആദ്യം ഒന്ന് പതറിയെങ്കിലും, ഒരു തെറ്റും ചെയ്യാത്തതിനാല്‍, ഈ അപ്രതീക്ഷിത വെല്ലുവിളിയെ നേരിടാനുള്ള മനശക്തി വീണ്ടെടുത്തു പഴയ പോലെ മുമ്പോട്ടു പോകുകയാണ് ഇപ്പോഴെന്നും പോസ്റ്റില്‍ പറയുന്നു. തന്നെ ആരൊക്കെയോ ചേര്‍ന്ന് സദാ വേട്ടയാടിക്കൊണ്ടിരുന്നു എന്നും ജോസ് തുടരുന്നു.
കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുമ്പോഴും യു.വി. ജോസ് പരസ്യ പ്രതികരണത്തിന് തയാറായിരുന്നില്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ കുറിപ്പും തദ്ദേശ സെക്രട്ടറിയുടെ നിര്‍ദ്ദേശത്തോടും കൂടിയാണ് ധാരണാപത്രത്തിന്റെ ഫയല്‍ ലൈഫ് മിഷനില്‍ എത്തിയതെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ യു.വി. ജോസ് കരാറില്‍ ഒപ്പിടുകയായിരുന്നു. സംഭവത്തില്‍ ഇപ്പോഴും അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഇടപാടു നടത്തി എന്ന് യു.വി. ജോസ് പറയുന്ന കുറച്ചു പേര് ആരെന്നതിന് പ്രസക്തിയേറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: