തിരുവനന്തപുരം: പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള ആശംസാ കാര്‍ഡുകള്‍ അധ്യാപകര്‍ വീട്ടിലെത്തി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍. കോവിഡ് രണ്ടാം തരംഗത്തില്‍ സര്‍ക്കാരിന്റെ ഈ ഉത്തരവ് അധ്യാപകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. രോഗബാധയുണ്ടാകുന്നതിന് വരെ ചിലപ്പോള്‍ കാരണമായേക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഒന്നാംക്ലാസ്സുകാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പേരില്‍ പുറത്തിറക്കുന്ന ആശംസാ കാര്‍ഡുകള്‍ വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ എത്തിക്കാനാണ് നിര്‍ദ്ദേശം. ഏറെ കരുതല്‍ വേണ്ട സന്ദര്‍ഭമാണിതെന്നും ദുരന്ത ഭീഷണി ഒഴിയുന്ന മുറക്ക് വിദ്യാലയത്തിലേക്ക് വരാമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശവും ഇതില്‍ പറയുന്നുണ്ട്. ഈ സന്ദേശം അടങ്ങിയ കാര്‍ഡ് തിങ്കളാഴ്ചക്കുള്ളില്‍ ഒന്നാം ക്ലാസുകാരുടെ വീടുകളിലെത്തി നേരിട്ട് കൈമാറണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.
കെബിപിഎസ് അച്ചടിച്ച ആശംസാ കാര്‍ഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നും പ്രധാന അധ്യാപകര്‍ വാങ്ങി അധ്യാപകര്‍ മുഖേനയാണ് കൈമാറേണ്ടത്. ഉത്തരവിനെതിരെ പ്രതിപക്ഷ സംഘടനകള്‍ രംഗത്ത് എത്തിയതോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും വിതരണമെന്നും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: