ആലപ്പുഴ: റേഷന്‍ കടയില്‍ നിന്നും 52 രൂപയുടെ സാധനവും വാങ്ങി പുറത്തിറങ്ങിയ സാധാരണക്കാരന്‍ പോലീസിന് മുന്നിലെത്തിയപ്പോള്‍ ആവിയായിപ്പോയത് 250 രൂപ. ആലപ്പുഴ നെഹ്റു ട്രോഫി വാര്‍ഡ് കിഴക്ക് തയ്യില്‍ കായല്‍ നിവാസില്‍ ബംഗ്ലാവ് പറമ്പില്‍ പ്രേംകുമാറാണ് കോവിഡ് ദുരിതകാലത്ത് മനമുലഞ്ഞ് പോലീസ് പിഴ കൊടുത്തത്. ലോക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയതിനുള്ള പിഴയാണിതെന്ന് പോലീസ് പറഞ്ഞപ്പോള്‍ വാങ്ങിക്കൊണ്ടു വന്ന സാധനവും റേഷന്‍ കാര്‍ഡും 52 രൂപയുടെ ബില്ലും ഇയാള്‍ പോലീസിനു നേര്‍ക്ക് നീട്ടി. ഫലം കണ്ടില്ലെന്ന് മാത്രമല്ല, വാഹനം ഇവിടെ വെച്ചിട്ട് പോകാന്‍ ആദ്യം നിര്‍ദ്ദേശിച്ച പോലീസ് പിന്നീട് പണം വാങ്ങി പറഞ്ഞു വിടുകയായിരുന്നു.
ലോക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചു ചില ഇളവുകള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് ജനങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനും കൂലിപ്പണിക്കാര്‍ പണിക്കു പോകുന്നതിനും മറ്റുമാണ്. ബേക്കറിയും സിവില്‍ സപ്ലൈസും മാംസവില്‍പ്പനശാലയും തുടങ്ങി വിവിധങ്ങളായ സ്ഥാപനങ്ങള്‍ തുറക്കാന്‍ പറഞ്ഞിരിക്കുന്നത് അവര്‍ക്ക് സ്ഥാപനങ്ങളിലെ കണക്ക് നോക്കാനല്ലെന്നും ജനങ്ങള്‍ സാധനം വാങ്ങാന്‍ എത്തുമെന്നും പോലീസിനറിയാം.
റേഷന്‍കടയില്‍ അരിവാങ്ങാന്‍ പോകുന്നവന്‍ എത്രത്തോളം സാധാരണക്കാരനായിരിക്കുമെന്ന് മനസിലാക്കാനുള്ള ബോധമെങ്കിലും പോലീസിനുവേണ്ടേയെന്നാണ് ഉയരുന്ന ചോദ്യം. ലോക്ഡൗണും കോവിഡ് പ്രോട്ടോക്കോളും പറയുമ്പോള്‍ തന്നെ അനാവശ്യമായി തലങ്ങും വിലങ്ങും ബൈക്കില്‍ പായുന്ന നിരവധിപ്പേരുണ്ട്. ഇവരുടെയൊക്കെ മുന്നില്‍ കണ്ണടയ്‌ക്കുന്ന പോലീസ് അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നവരെ ദ്രോഹിക്കുന്നു. റേഷന്‍ വാങ്ങാന്‍ പോകുമ്പോള്‍ പോലീസ് ചോദ്യം ചെയ്തില്ലെന്നും തിരികെ വരുമ്പോഴാണ് തടഞ്ഞതെന്നും പ്രേംകുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: