ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പശ്ചിമ മിഡ്നാപൂരിലെ കലൈകുണ്ട വ്യോമതാവളത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി 15 മിനിറ്റ് കൂടിക്കാഴ്ച നടത്തി. ഈ ആഴ്ച ബംഗാളിലും ഒഡീഷയിലും ആഞ്ഞടിച്ച യാസ് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനുള്ള യോഗത്തിനെത്തിയതായിരുന്നു ഇരുവരും. നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയശേഷം യോഗത്തില്‍ പങ്കെടുക്കാതെ മമതാ ബാനര്‍ജി മടങ്ങി. ‘പ്രധാനമന്ത്രി യോഗം വിളിച്ചിട്ടുണ്ടായിരുന്നു… നമുക്ക്(മമതയുടെ ഓഫിസ്) അറിയില്ലായിരുന്നു. എനിക്ക് ദിഘയില്‍ ഒരു യോഗമുണ്ടായിരുന്നു. (എങ്കിലും) ഞാന്‍ കലൈകുണ്ടയില്‍ പോയി ഇരുപതിനായിരം കോടി രൂപ ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് നല്കി. നിങ്ങള്‍ക്ക്(സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍) എന്നെ കാണണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഞാന്‍ അനുവാദം വാങ്ങി പുറപ്പെട്ടു’- മമത പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രിയുമായി മമതയുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇന്നത്തേത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്ഷികവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത വിക്ടോറിയ മെമ്മോറിയലില്‍ ജനുവരി 23ന് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു അവസാനം പ്രധാനമന്ത്രിയുമായി ബംഗാള്‍ മുഖ്യമന്ത്രി മുഖാമുഖം കണ്ടത്. അന്ന് ജയ് ശ്രീറാം വിളിയില്‍ പ്രകോപിതയായ മമത പ്രസംഗം നിര്‍ത്തി വേദി വിട്ടിരുന്നു. ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും മമതാ ബാനര്‍ജി വിട്ടുനിന്ന യോഗത്തില്‍ പങ്കെടുത്തു. ഭരണഘടനയോടും നിയമവാഴ്ചയോടും യോജിക്കുന്നതായിരുന്നില്ല നടപടിയെന്ന് മുഖ്യമന്ത്രി വിട്ടുനിന്നതിന് പിന്നാലെ മമതയെ പരോക്ഷമായി വിമര്‍ശിച്ച് ധന്‍കര്‍ ട്വീറ്റ് ചെയ്തു.
യാസ് ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. തെക്കുവടക്ക് 24 പര്‍ഗനാസ്, ദിഘ, കിഴക്കന്‍ മിഡ്നാപൂര്‍, നന്ദിഗ്രാം ജില്ലകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. ആശ്വാസ നടപടിയെന്ന നിലയില്‍ പിന്നീട് ആയിരം കോടി രൂപ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അഞ്ഞൂറ് കോടി രൂപ അടിയന്തരമായി ഒഡീഷയ്ക്കു നല്‍കും. ബംഗാളിനും ജാര്‍ഖണ്ഡിനും തുല്യമായ തുക ലഭിക്കും. നാശനഷ്ടങ്ങളുടെ അടിസ്ഥാനത്തിലാകും ഇവ വിതരണം ചെയ്യുക. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ മരിച്ചവര്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: