പാലക്കാട്: നഗരത്തില്‍ മിണ്ടാപ്രാണികളോട് കൊടും ക്രൂരത. തീറ്റയും വെള്ളവും നല്‍കാതെ 37 പോത്തുകളെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ ഉപേക്ഷിച്ച നിലയിൽ. ഇതില്‍ രണ്ട് പോത്തുകള്‍ ചത്തു. സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പോത്തുകളെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഉപേക്ഷിക്കാന്‍ കാരണമെന്നാണ് സൂചന.
സ്ഥലത്തിന്റെ ഉടമ പോലും അറിയാതെയാണ് പോത്തുക്കളെ ഇവിടെ കെട്ടിയിരിക്കുന്നത്. ശബ്ദങ്ങള്‍ കേട്ട് ചെന്ന നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചതെങ്കിലും ഇതുവരെ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ എല്ലാം ചേര്‍ന്ന് എത്തിച്ച പുല്ലും വെള്ളവുമാണ് ഇപ്പോള്‍ പോത്തുകള്‍ക്ക് ആകെയുള്ള ഒരാശ്വാസം. സ്ഥലയുടമയായ കോഴിക്കോട് സ്വദേശിയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അഞ്ച് ദിവസം മുന്‍പാണ് പോത്തുകളെ ഇവിടെ കണ്ടെയ്‌നറില്‍ എത്തിച്ചത്. കോഴിക്കോട് സ്വദേശിയായ ഗീത രാജേന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഈ കെട്ടിടം കൊല്ലം സ്വദേശിയും അഭിഭാഷകനുമായ സംഗീത് ലൂയിസ് കൈക്കലാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഗീത രാജേന്ദ്രന്റെ ആരോപണം.
സ്ഥലത്ത് കയറുന്നതിനുള്ള കോടതിയുടെ വിലക്ക് ലംഘിച്ചാണ് പോത്തുകളെ ഉപേക്ഷിച്ചതെന്നാണ് പരാതി. കഴിഞ്ഞ ദിവസം ഇവര്‍ പരാതി നല്‍കിയിട്ടും പാലക്കാട് നോര്‍ത്ത് പോലീസ് ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. പോലീസ് നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കൃത്യമായ വിവരങ്ങള്‍ ലഭിയ്‌ക്കൂ. എന്ത് തന്നെയായാലും മിണ്ടാപ്രാണികളോടുള്ള ഈ ക്രൂരത അസ്സഹനീയമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: