കൊല്ലം: സാധാരണക്കാര്‍ക്ക് ആശ്രയമായിരുന്ന ജില്ലാ ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ കൊവിഡ് ആശുപത്രികള്‍ ആയതോടെ ഈ അവസരം നേട്ടമാക്കുകയാണ് സ്വകാര്യാശുപത്രികള്‍. സര്‍ക്കാര്‍ ആശുപത്രികളിലെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭിച്ചിരുന്ന രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ അവസരം മുതലെടുത്ത് സ്വകാര്യ ആശുപത്രികള്‍ പകല്‍ കൊള്ള നടത്തുന്നതായാണ് ആക്ഷേപം.
സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ചില ഡോക്ടര്‍മാര്‍ രോഗികളെ വീടുകളിലേക്ക് വരുത്തി ചികിത്സ തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിച്ചിരുന്ന പ്രായമുള്ളവര്‍ പലരും ചികിത്സ നിര്‍ത്തിവയ്‌ക്കേണ്ടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ജില്ലാ ആശുപത്രിയുടെ പേര് തന്നെ കൊവിഡ് ആശുപത്രിയെന്നാക്കി മാറ്റിയതോടെ സാധാരണ രോഗചികിത്സയ്‌ക്കും സ്‌പെഷ്യലിറ്റിരോഗ ചികിത്സയ്‌ക്ക് എത്തുന്നവര്‍ നെട്ടോട്ടമോടുകയാണ്.
ജില്ലയുടെ വിവിധ ആശുപത്രികളില്‍ നിന്നും മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലും എത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യേണ്ട സ്ഥിതിയാണിപ്പോള്‍. അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ലഭിക്കണ്ട അടിയന്തര ചികിത്സയും ബുദ്ധിമുട്ടിലാണ്. നിരവധി പേരാണ് സ്‌പെഷ്യലിറ്റി ഡോക്ടര്‍മാരുടെ സേവനം കിട്ടാതെയും സമയാസമയം ചികിത്സ കിട്ടാതെയും ദുരിതമനുഭവിക്കുന്നത്.
ആയിരകണക്കിന് രോഗികളുടെ ആശ്രയമായിരുന്ന കൊല്ലം ജില്ലാ ആശുപത്രി ഉള്‍പ്പെടെയുള്ളവ സാധാരണ രോഗികള്‍ക്കായി തുറന്ന് കൊടുക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു. നിലവിലെ കൊവിഡ് വ്യാപന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ എങ്ങനെ പരിഗണിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: