പത്തനാപുരം: പട്ടാഴി തെക്കേത്തേരിയിലെ നിര്‍ദ്ധന കുടുംബങ്ങളോടുളള സാമൂഹ്യവിരുദ്ധരുടെ ക്രൂരത അവസാനിക്കുന്നില്ല. വീട് നിര്‍മ്മാണത്തിനായി ഇറക്കിയ സിമന്റ് കട്ടകള്‍ കഴിഞ്ഞ ദിവസം അപഹരിച്ചതാണ് ഒടിവിലത്തെ സംഭവം. പട്ടാഴി, ആലക്കോട് തെക്കേതില്‍ സുനില്‍ കുമാറിന്റെ വീട് നിര്‍മ്മാണത്തിനായി ഇറക്കിയ മൂന്നൂറോളം കട്ടകളാണ് കാണാതായത്. ഇതോടെ യുവാവിന്റെ വീട് നിര്‍മ്മാണം പ്രതിസന്ധിയിലായി.
രണ്ട് മാസം മുമ്പ് ലൈഫ് ഭവന പദ്ധതിയിലൂടെ പഞ്ചായത്ത് നല്കിയ സ്ഥലത്ത് നിര്‍മ്മാണം നടത്തി വന്ന അഞ്ച് വീടുകള്‍ക്ക് നേരെയും അതിക്രമം നടന്നിരുന്നു. നിര്‍മ്മാണത്തിലിരുന്ന വീടിന്റെ ഫൗണ്ടേഷന് വരെ തകര്‍ത്ത് കളഞ്ഞാണ് സാമൂഹ്യ വിരുദ്ധര്‍ ക്രൂരത കാട്ടിയത്. കൂടാതെ സുനില്‍ കുമാറിന്റെ താല്‍ക്കാലിക ഷെഡ് കത്തിച്ചു കളയുന്ന സ്ഥിതിവരെയുണ്ടായി. പിന്നീട് അതിക്രമം കുറഞ്ഞങ്കിലും കഴിഞ്ഞ ദിവസം സിമന്റ് കട്ട മോഷ്ടിച്ച് കൊണ്ട് വീണ്ടും ക്രൂരത തുടരുകയാണ് ഉണ്ടായത്.
നിലവില്‍ സുനിലും മക്കളും താമസിക്കുന്ന വീട് ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന സ്ഥിതിയാണ്. മക്കളെ തനിച്ചാക്കി ജോലിക്ക് പോകുവാനും കഴിയാത്ത സ്ഥിതി. നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കി പുതിയ വീട്ടിലേക്ക് മാറാനുളള ശ്രമങ്ങള്‍ക്കിടെയാണ് നിര്‍ദ്ധന കുടുംബത്തിന് നേരേ വീണ്ടും മനഃസാക്ഷില്ലാത്ത ക്രൂരത ഉണ്ടായത്.
കുന്നിക്കോട് പോലീസില്‍ നിരവധി തവണ പരാതി നല്‍കിയങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ലന്നും ആക്ഷേപമുണ്ട്. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് പട്ടാഴി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും നാട്ടുകാരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: