എം.എസ്. ജയച്ചന്ദ്രന്
ശാസ്താംകോട്ട: വേലിയേറ്റത്തിന്റെ ദുരിതത്തിന് പിന്നാലെയാണ് കൊവിഡ് വ്യാപനവും മണ്‍ട്രോത്തുരുത്തിലെ ജനങ്ങളെ വലയ്ക്കുന്നത്. അടുത്ത ദിവസങ്ങളില്‍ കനത്ത മഴയും വീശിയടിച്ച കാറ്റും മണ്‍റോതുരുത്ത് നിവാസികളെ കഷ്ടത്തിലാക്കി. പലരും കിട്ടുന്ന വിലയ്ക്ക് വസ്തു വിറ്റ് തുരുത്തിന് പുറത്തേയ്ക്ക് പോകാന്‍ ഒരുങ്ങുകയാണ്.
തുരുത്തില് ടൂറിസം പച്ചപിടിക്കുന്നത് കാത്തിരിക്കുകയായിരുന്നു പ്രദേശവാസികള്‍. മണ്‍ട്രോതുരുത്തില്‍ വേലിയേറ്റം ശക്തമായതോടെ ജനജീവിതം ബുദ്ധിമുട്ടിലാണ്. തുരുത്തിലെ കാലാവസ്ഥാ വ്യതിയാനം പഠനവിധേയമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. മഴയ്ക്കും കൊവിഡ് വ്യാപനത്തിനും മുന്‍പ് വേലിയേറ്റത്തിന്റെ ദുരിതത്തിലായിരുന്നു മണ്ട്രോത്തുരുത്തുകാര്.
പഞ്ചായത്തിലെ കടപ്രം, പട്ടംതുരുത്ത്, നെന്മേനി, പഴങ്ങാലം, പേഴുംതുരുത്ത്, റെയില്വേസ്റ്റേഷന് ഭാഗം, കണ്ട്രംകാണി തുടങ്ങിയ പ്രദേശങ്ങളിലുണ്ടായത് ശക്തമായ വേലിയേറ്റമാണ്. മണ്‍ട്രോതുരുത്തില്‍ തുടരെയുണ്ടാകുന്ന വേലിയേറ്റത്തില്‍ നിന്ന് സംരക്ഷണമൊരുക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടണമെന്ന ജനങ്ങളുടെ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. വീടുകള്‍ താഴുന്നത് ഉള്‍പ്പെടെ പൊതുവെ നേരിടുന്ന വെല്ലുവിളികള്‍ക്കൊപ്പം വേലിയേറ്റം കൂടിയായതോടെ എണ്ണമറ്റ കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്.
സുനാമിക്ക് ശേഷമാണ് മണ്റോതുരുത്തില് കാലാവസ്ഥാ വ്യതിയാനങ്ങളും അത് മൂലമുള്ള ജീവിത ബുദ്ധിമുട്ടുകളും പതിവായത്. എങ്കിലും എന്താണ് തുരുത്തിലെ ഇത്തരം ബുദ്ധിമുട്ടുകളുടെ കാരണമെന്ന് ഇതുവരെയും ശാസ്ത്രീയമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്. വേലിയേറ്റം മൂലം വീടുകളില്‍ വെള്ളം കയറി താമസിക്കാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കാന്‍ മണ്ട്രോതുരുത്തിലെ കാലാവസ്ഥാ വ്യതിയാനം പഠനവിധേയമാക്കണമെന്ന് ജനപ്രതിനിധികളോട് ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ബുദ്ധിമുട്ടുകള്‍ പതിവായതോടെ പലരും കിട്ടുന്ന വിലയ്ക്ക് വസ്തു വിറ്റ് തുരുത്തിന് പുറത്തേക്ക് താമസം മാറുകയാണ്. സ്വകാര്യകോളേജിന്റെ സഹകരണത്തോടെ താഴ്ന്ന് പോകാത്ത വീടുകളുടെ നിര്‍മാണം തുടങ്ങിയെങ്കിലും അതൊന്നും വിജയപ്രദമായില്ല.
പരിഹാരം കണ്ടെത്തിയേ മതിയാകൂ
മണ്‍ട്രോതുരുത്ത് പഞ്ചായത്തിലെ ഒറ്റപ്പെട്ട തുരുത്തായ പെരുങ്ങാലത്തെ സെക്കന്‍ഡറി സ്കൂളിലേക്കുള്ള യാത്ര ദുരിതം നിറഞ്ഞതാണ്. വര്‍ഷക്കാലത്ത് മഴവെള്ളവും വേനല്‍കാലത്ത് വേലിയേറ്റവും രൂക്ഷമാണിവിടെ. നടവഴി മാത്രമുള്ള സ്കൂള്‍ യാത്ര കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
വള്ളത്തിലോ ബോട്ടിലോ തുരുത്തിലെത്തിയാല് കിലോമീറ്ററുകളോളം നടക്കണം. ഈ കടമ്പകളെല്ലാം കടന്ന് വേണം 9 മണിക്ക് സ്കൂളില്‍ എത്താന്‍. അധികൃതര്‍ അടിയന്തിരമായ ഒരു പരിഹാരം ദയവായി കണ്ടെത്തണം. 100 കുട്ടികളും 30 ജീവനക്കാരും തുരുത്തിന് പുറത്തുനിന്ന് സ്കൂളിലെത്തേണ്ടതാണ്.
കെ.എസ്. ഗീതാഞ്ജലി, പ്രധാന അധ്യാപിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: