ബെംഗളൂരു: കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലും ദുരിതം അനുഭവിയ്‌ക്കുന്നവര്‍ക്ക് ആശ്വാസമായി ഉത്തിഷ്ഠ. കടക്കെണിയിലേക്ക് വീഴാന്‍ തുടങ്ങിയ ഒരു പപ്പായ കര്‍ഷകന്റെ തോട്ടത്തില്‍ നിന്നുള്ള മുഴുവന്‍ വിളയും വാങ്ങി സിറ്റിയിലെ വീടുകളില്‍ എത്തിച്ച് സൗജന്യമായി വിതരണം ചെയ്തു. ആദ്യ വിഹിതമായ ഒരു ടണ്‍ പപ്പായയാണ് ഇങ്ങനെ വിതരണം ചെയ്തത്.
ഭക്ഷ്യ വസ്തുക്കളുടെയും കച്ചവടക്കാരുടെയും സുഗമമായ നീക്കം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഒരു വശത്ത് സാധന ദൗര്‍ലഭ്യം നേരിടുമ്പോള്‍ മറുവശത്ത് കടം വാങ്ങിയും കഠിനാദ്ധ്വാനം ചെയ്തും വിളയിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടന്ന് നശിച്ചു പോകുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ചും കര്‍ണ്ണാടക പോലൊരു വലിയ സംസ്ഥാനത്ത്. ആയിരക്കണക്കിന് കര്‍ഷകരാണ് പച്ചക്കറി – ഫലവര്‍ഗ്ഗ വിളകള്‍ ഉത്പാദിപ്പിക്കുന്നത്. ഉല്‍പ്പന്ന നാശം ഉണ്ടാക്കുന്ന ആഘാതം കര്‍ഷകനെ കുറേക്കാലത്തേക്കെങ്കിലും കാര്‍ഷിക വൃത്തിയില്‍ നിന്ന് പിന്തിരിപ്പിച്ചേക്കാം. ഒരു പക്ഷേ കര്‍ഷക ആത്മഹത്യയ്‌ക്ക് പോലും അത് പ്രേരകമായേക്കാം. ഇതിനൊരു മാതൃകാ പരിഹാരം എന്ന നിലയ്‌ക്ക് കടക്കെണിയിലേക്ക് വീഴാന്‍ തുടങ്ങിയ കർഷകരെ രക്ഷിക്കാൻ ഉത്തിഷ്ഠ മുന്നോട്ടു വന്നത്.
കഴിഞ്ഞ വര്‍ഷം ഇതേസമയം ഏതാണ്ട് മുപ്പത് ടണ്ണോളം ഭക്ഷ്യധാന്യങ്ങളും, പച്ചക്കറികളുമാണ് കിറ്റുകളായി ദുരിതമനുഭവിയ്‌ക്കുന്ന വീടുകളിലേക്ക് എത്തിയത്. ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന മലയാളികളുടെ സാമൂഹ്യ സംരംഭമാണ് ഉത്തിഷ്ഠ എന്ന ചെറിയ കൂട്ടായ്‌മ. കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി ബാംഗളൂരിലെ സേവന രംഗത്തും കലാ സാംസ്കാരിക മേഖലയിലും ഉത്തിഷ്ഠയുടെ സാന്നിദ്ധ്യമുണ്ട്. സ്ഥിരമായി ഏറ്റെടുത്ത് നടത്തി വരുന്ന ദീഘകാല അടിസ്ഥാനത്തിലുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ പെട്ടെന്നുണ്ടാകുന്ന വിപത്തുകളിലും തങ്ങളുടെ ചെറിയ കൈത്താങ്ങുമായി എപ്പോഴും മുന്നിലുണ്ടാകാറുണ്ട് ഉത്തിഷ്ഠയുടെ പ്രവര്‍ത്തകര്‍.
ചെന്നൈ വെള്ളപ്പൊക്കം, കേരളത്തില്‍ ഉണ്ടായ പ്രളയം, ദക്ഷിണ കന്നഡയിലുണ്ടായ മഴക്കെടുതികള്‍ തുടര്‍ന്ന് കൊവിഡിന്റെ ഒന്നാം തരംഗം എന്നിവയിലെല്ലാം മരുന്ന്, ഭക്ഷണ സാധനങ്ങള്‍, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ രൂപങ്ങളില്‍ ഉത്തിഷ്ഠയുടെ സഹായമെത്തി. ബെംഗളൂരുവില്‍ ജോലിചെയ്ത് ഉപജീവനം നടത്തുന്ന സാധാരണക്കാരുടെ പങ്കാളിത്തമാണ് ഉത്തിഷ്ഠയുടെ ശക്തി.
‘ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായ ച’ എന്ന മന്ത്രമാണ് സ്വാമി വിവേകാനന്ദനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന ഉത്തിഷ്ഠയുടെ ആദര്‍ശം. നമ്മുടെ കര്‍മ്മങ്ങള്‍ ലോകത്തിന്റെ ഹിതത്തിനും, ആത്മാവിന്റെ മോക്ഷത്തിനുമായി ചെയ്യപ്പെടേണ്ടവയാണ് എന്നാണ് അതിനര്‍ത്ഥം. മഹാമാരിയുടെ താണ്ഡവത്തില്‍ തൊഴിലും വരുമാന മാര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ട് ഉഴറിയ കുറച്ചു കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം എത്തിക്കാന്‍ ഉത്തിഷ്ഠയ്‌ക്കായി. യുവാക്കളുടെ വാക്സിനേഷന്‍ തുടങ്ങിയതിനെ തുടര്‍ന്ന് രക്ത ബാങ്കുകളില്‍ രക്തം കിട്ടാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ഈ മാസമാദ്യം രക്തദാന ക്യാമ്പും ഉത്തിഷ്ഠ സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: