ന്യൂദല്‍ഹി: ബുധനാഴ്ച നിലവില്‍ വന്ന പുതിയ ഐടി ചട്ടം പാലിക്കുന്നത് സംബന്ധിച്ച് നിലപാടു കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ചട്ടം പാലിച്ചോ എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് 15 ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കണമെന്ന് ഓണ്‍ലൈന്‍ വാര്ത്താസൈറ്റുകളോടും ഒടിടി പ്ലാറ്റ്ഫോമുകളോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ കമ്പനികളോട് കേന്ദ്രം നേരത്തേ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ചട്ടവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ നിലപാട് മയപ്പെടുത്തി. നിയമം പാലിക്കാനുള്ള നടപടികള്‍ക്കായി മൂന്നു മാസം സമയം വേണമെന്നാണ് ട്വിറ്റര്‍ ആവശ്യപ്പെടുന്നത്. അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്നും ഐടി മാര്‍നിര്‍ദേശങ്ങളില്‍ കേന്ദ്രവുമായി ചര്‍ച്ച തുടരുമെന്നുമാണ് ട്വിറ്ററിന്റെ പ്രസ്താവന.
അതേസമയം കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസില്‍ ദല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഓഫീസുകള്‍ ദല്‍ഹി പോലീസ് റെയ്ഡ് ചെയ്ത സംഭവത്തില്‍ ട്വിറ്റര്‍ ആശങ്കയും പ്രകടിപ്പിച്ചു. കേന്ദ്രം കൊണ്ടുവന്ന നിയമത്തെക്കുറിച്ച് ട്വിറ്റര്‍ ആദ്യമായാണ് പ്രതികരിക്കുന്നത്. നിയമം ഭരണഘടനാ ലംഘനമാണെന്നും സ്വകാര്യതയെ മാനിക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി വാട്സ്ആപ് കേന്ദ്രത്തിനെതിരെ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
അതേസമയം, ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലെ സാധാരണ ഉപയോക്താക്കളുടെ സുരക്ഷയ്ക്കു വേണ്ടിയാണെന്ന് കേന്ദ്രം ആവര്‍ത്തിച്ചു. സ്വകാര്യതയ്ക്കുള്ള അവകാശത്തെ പൂര്‍ണമായി മാനിക്കുന്നുവെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. വിവിധ ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് നല്കിയ ഹര്‍ജി ആഗസ്ത് നാലിനു പരിഗണിക്കാന്‍ മാറ്റിയ ദല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: