ന്യൂദല്‍ഹി: ട്വിറ്ററിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍. വളച്ചുചുറ്റി കാര്യങ്ങള്‍ പറയുന്നത് അവസാനിപ്പിക്കണമെന്നും രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോടു കാര്യങ്ങള്‍ ആജ്ഞാപിക്കുന്നതിനു പകരം രാജ്യത്തെ നിയമം പാലിക്കണമെന്നും കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ‘കാര്യങ്ങള്‍ വളച്ചുചുറ്റി പറയുന്നത് അവസാനിപ്പിച്ച് രാജ്യത്തെ നിയമങ്ങള്‍ ട്വിറ്റര്‍ അനുസരിക്കേണ്ടതുണ്ട്. നിയമനിര്‍മാണവും നയരൂപീകരണവും പരമാധികാര രാജ്യത്തിന്റെ മാത്രം അവകാശമാണ്. ഒരു സാമൂഹിക മാധ്യമം മാത്രമാണ് ട്വിറ്റര്‍. രാജ്യത്തെ നിയമങ്ങളുടെ ചട്ടക്കൂട് എന്തായിരിക്കണമെന്ന് പറയാന്‍ ട്വിറ്ററിന് കഴിയില്ല’. -ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ട്വിറ്ററിന്റെ പ്രസ്താവന അടിസ്ഥാന രഹിതവും തെറ്റും ഇന്ത്യയെ അപകീത്തിപ്പെടുത്താനുള്ള ശ്രമവുമാണെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അഭിപ്രായസ്വാതന്ത്ര്യത്തിന് ഇന്ത്യയില്‍ ഭീഷണിയുണ്ടെന്നായിരുന്നു രാവിലെ ട്വിറ്റര്‍ പ്രതികരിച്ചത്. തിങ്കളാഴ്ച ദല്‍ഹി പൊലീസ് ട്വിറ്ററിന്റെ ഓഫിസുകള്‍ സന്ദര്‍ശിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ജീവനക്കാരെക്കുറിച്ച് ട്വിറ്റര്‍ ഇന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ‘ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളുടെ ജീവനക്കാര്‍ ഇന്ത്യയില്‍ സുരക്ഷിതരാണെന്നും ഭാവിയിലും ആയിരിക്കുമെന്നും ഉറപ്പാണ്. അവരുടെ സുരക്ഷിതത്വത്തിന് ഭീഷണിയില്ല’-സര്‍ക്കാര്‍ വ്യക്തമാക്കി.
നൂറ്റാണ്ടുകള്ക്കുമുന്പേ ഇന്ത്യയ്ക്ക് മഹത്തായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പാരമ്പര്യമുണ്ട്. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍, ലാഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദേശ സ്ഥാപനം മാത്രമായ ട്വിറ്ററിനെപ്പോലുള്ളവയ്ക്ക് പ്രത്യേക അവകാശമില്ല. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെയും അവയുടെ കരുത്തുള്ള സ്ഥാപനങ്ങളുടെയും പ്രതിബദ്ധതയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: