കൊല്ലം: എംബിബിഎസ് പരീക്ഷ ക്രമക്കേട് നടത്തിയ കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആള്‍മാറാട്ടത്തിന് പൊലീസ് കേസെടുത്തു.
വ്യാജരേഖ ചമയ്‌ക്കൽ, വഞ്ചന തുടങ്ങിയ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കണ്ണനല്ലൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ആൾമാറാട്ടം നടത്തിയ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ പേപ്പർ പോലീസ് കണ്ടെടുക്കും. ആരോഗ്യ സർവ്വകലാശാലയിൽ നിന്നും രേഖകൾ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു. പരീക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും പോലീസ് ഉടൻ ശേഖരിക്കും. മുഴുവന്‍ തെളിവുകളും ശേഖരിച്ച ശേഷം മാത്രമേ കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യൂ എന്ന നിലപാടിലാണ് പൊലീസ്.
ഈ വർഷം ജനുവരി ആറിന് അസീസിയ മെഡിക്കൽ കോളേജിൽ നടന്ന എംബിബിഎസ് പരീക്ഷയിലാണ് മൂന്ന് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് പരിശോധനയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. 2012ൽ എംബിബിഎസ് പ്രവേശനം നേടിയ ഈ വിദ്യാർത്ഥികൾ നേരത്തെ എഴുതിയ പല പരീക്ഷകളും പരാജയപ്പെട്ടിരുന്നു. ഒൻപത് വർഷമായിട്ടും ഇവർക്ക് എംബിബിഎസ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല, ഇതോടെയാണ് ആൾമാറാട്ടം നടത്തിയതെന്നാണ് വിലയിരുത്തൽ. ഉത്തരക്കടലാസുകള്‍ പരീക്ഷാ ഹാളിനു പുറത്ത് കടത്തിയ ശേഷം ഉത്തരങ്ങള്‍ രേഖപ്പെടുത്തിയെന്നാണ് സര്‍വ്വകലാശാലയുടെ കണ്ടെത്തല്‍. അതേ സമയം പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയതെന്നും സംശയിക്കുന്നുണ്ട്.
വിദ്യാർത്ഥികളുടെ കൈയക്ഷരത്തിൽ വന്ന മാറ്റത്തെ തുടർന്നുളള അന്വേഷണത്തിലാണ് കോപ്പിയടി നടന്നതായി സ്ഥിരീകരിച്ചത്. ആൾമാറാട്ടം നടന്നായി സംശയവും ഉയർന്നു. ഇതേത്തുടർന്ന് മൂന്ന് വിദ്യാർത്ഥികളേയും ഡീബാർ ചെയ്തിരുന്നു. ചീഫ് എക്‌സാമിനേഷന്‍ സൂപ്രണ്ടായ കര്‍ണ്ണാടകയില്‍ നിന്നുള്ള വ്യക്തിയേയും പരീക്ഷാ ഇന്‍വിജിലേറ്റര്‍മാരായ മൂന്ന് സ്ത്രീകളെയും കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് സസ്‌പെന്റ് ചെയ്തു.പരീക്ഷാ ചുമതല വഹിച്ചവർ കോളേജിന് പുറത്തുനിന്നുള്ളവരാണെന്ന് കോളേജ് അധികൃതർ അറിയിച്ചു.
അതേ സമയം അസീസിയ മെഡിക്കല്‍ കോളെജ് അധികൃതര്‍ ആരോപണം നിഷേധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: