കൊച്ചി : ലക്ഷദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടിയെന്ന് പുതിയ പരിഷ്കാര നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് കളക്ടര്‍ എസ്. അസ്കര്‍ അലി. ടൂറിസം രംഗത്ത് വളര്‍ച്ച കൈവരിക്കുന്നതിനും മികച്ച മുന്നേറ്റം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് ഈ നടപടികള്‍ കൈക്കൊള്ളുന്നതെന്നും കളക്ടര്‍ അറിയിച്ചു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
ലക്ഷദ്വീപിലെ കാര്യങ്ങള്‍ നിലവില്‍ സമാധാന പരമാണ്. ആശങ്കയോ പ്രശ്നങ്ങളോ ഇല്ല. സ്ഥാപിത താത്പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നുണ പ്രചാരണം നടക്കുകയാണ്. ദ്വീപില്‍ നിയമ വിരുദ്ധ ബിസിനസ്സുകള്‍ നടത്തുന്നവരും ഈ നുണ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പുതിയ നടപടി ക്രമങ്ങള്‍കൊണ്ട് ദ്വീപിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അന്തര്‍ ദേശീയ ടൂറിസ്റ്റ് കേന്ദ്രമാക്കി വികസിപ്പിച്ചെടുക്കാനാണ് തീരുമാനം. ലക്ഷദ്വീപില്‍ സമ്പൂര്‍ണ്ണ വൈദ്യുതി പദ്ധതി നടപ്പിലാക്കി വരികയാണ്. തദ്ദേശീയര്‍ക്ക് കൂടി തൊഴിലവസരം കിട്ടുന്ന തരത്തില്‍ കവരത്തി കേന്ദ്രീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനാണ് തീരുമാനമെന്നും കളക്ടര്‍ അറിയിച്ചു.
73 വര്‍ഷമായിട്ടും കാലത്തിന് അനുസരിച്ച വികസനം ദ്വീപില്‍ ഉണ്ടായിട്ടില്ലെന്നും ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കളക്ടര്‍ വിശദീകരിച്ചു. ദ്വീപിലെ ഇന്റര്‍നെറ്റ് സംവിധാനം ശക്തിപ്പെടുത്തുന്നു. കാര്‍ഷിക രംഗത്തും പദ്ധതികള്‍ വരുന്നു. കേര കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതികള്‍ നടപ്പിലാക്കും. കവരത്തി, അഗത്തി ,മിനി കോയ് എന്നിവിടങ്ങളില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു. സ്ത്രീകളുടെ സ്വയംപര്യാപ്തതക്കായി സ്വാശ്രയ സംഘങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും കളക്ടര്‍ വിശദീകരിച്ചു. ദ്വീപില്‍ പോളിടെക്നിക് കോളേജ് അത്യാധുനിക സംവിധാനമുള്ള സ്കൂളുകള്‍ എന്നിവ സ്ഥാപിച്ചു കഴിഞ്ഞു.
അത്യാസന്ന നിലയിലുള്ള രോഗികളെ കൊച്ചിയില്‍ എത്തിക്കാന്‍ എല്ലാ സംവിധാനവും ദ്വീപിലുണ്ട്. അനധികൃത കൈയേറ്റക്കാരെ മാത്രമാണ് അവിടെ നിന്നും ഒഴിപ്പിച്ചിട്ടുള്ളത്. ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ടെന്നും കളക്ടര്‍ അസ്കര്‍ അലി പറഞ്ഞു.
അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിയ്ക്കില്ലെ്ന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തു. അഡ്്മിനിസ്ട്രേറ്റര്ക്ക് എതിരായ പരാതികളില്‍ കഴമ്പില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തിരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: