പുത്തൂര്‍: ലോക്ക്ഡൗണ്‍ കാലത്ത് യൂട്യൂബ് ചാനല്‍ തുടങ്ങി വൈറല്‍ ആയവരുടെ കഥകള്‍ അനേകമാണ്. എന്നാല്‍ യൂട്യൂബിനെ ഗുരുവാക്കി ഈ ലോക്ക്ഡൗണില്‍ ദേവദത്തന് എന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി വരച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
കൊവിഡ് കാലം കവര്‍ന്ന സ്കൂള്‍ കാലയളവില്‍ പെന്‍സില്‍ വരകളില്‍ വിസ്മയം തീര്‍ക്കുകയാണ് പുത്തൂര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയായ ആര്. ദേവദത്തന്. പോര്‍ട്രേറ്റ് ചിത്രങ്ങളോടാണ് കൂടുതല്‍ താല്പര്യം. ചെറുപ്പം മുതല്‍ വരയോട് താല്പര്യമുള്ള മകന്റെ കഴിവിന് മികച്ച പിന്തുണയാണ് മാതാപിതാക്കള്‍ നല്‍കുന്നത്. കൊട്ടാരക്കര പവിത്രേശ്വരം വിപഞ്ചികയില്‍ രാജീവിന്റെയും വീണയുടെയും രണ്ടാമത്തെ മകനാണ് ദേവദത്തന്.
സ്കൂളില്‍ ഇംഗ്ലിഷ് ലാംഗ്വേജ് ലാബിന്റെ ചുവരുകളും ദേവദത്തന്റെ ക്യാന്‍വാസാണ്. സഹപാഠിയായ ആദിത്യയും ഒപ്പം കൂടുന്നതോടെ ചുവരുകള്‍ ‘കളറാകും’. വരകള്‍ക്കൊപ്പം സംഗീതത്തിലും, നാടോടിനൃത്തത്തിലും ദേവദത്തന് മികവ് തെളിയിച്ചിട്ടുണ്ട്. ജില്ലാ, സംസ്ഥാന കലോത്സവങ്ങളില്‍ സജീവ സാന്നിധ്യമാണ് ദേവദത്തന്. അച്ഛന് രാജീവ് സാമൂഹികമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങള്‍ക്ക് നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. സഹോദരി ദേവിക കൊല്ലം എസ്എന്‍ കോളേജില്‍ ഒന്നാംവര്‍ഷ നിയമവിദ്യാര്‍ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: