ആലപ്പുഴ: മഴ കനത്തതോടെ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. നാല് പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും ഒരു പഞ്ചായത്ത് ഭാഗികമായും വെള്ളക്കെട്ടിലായി. താഴ്ന്ന പ്രദേശങ്ങളും ഇടറോഡുകളും മുഴുവന്‍ വെള്ളത്തിനടിയിലായി.
തലവടി, എടത്വ, തകഴി, വീയപുരം പഞ്ചായത്തുകളില്‍ വെള്ളം കയറി. നിരണം പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും വെള്ളം കയറി. ഇതോടെ വീടുകള്‍ ഉപേക്ഷിച്ച ആളുകള്‍ അഭയകേന്ദ്രങ്ങളിലേക്ക് മാറുകയാണ്. കഴിഞ്ഞയാഴ്ച ന്യുനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ഈ മേഖലയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇതോടെ പലരും ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറുകയും ചെയ്തിരുന്നു.
വെള്ളം താഴ്ന്നതോടെ വീടുകളില്‍ തിരിച്ചെത്തിയ ഇവര്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മഴ വരുന്നത്. കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഒഴുകി വരുന്ന വെള്ളത്തിന്റെ അളവ് കൂടുകയാണ്. പമ്പ, അച്ചന്‍കോവിലാറുകളിലെ വെള്ളപ്പൊക്കവും അപ്പര്‍ കുട്ടനാടുകാര്‍ക്ക് ഭീഷണിയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: