ന്യൂദല്‍ഹി : കോവിഡ് വാക്സിന് നിര്‍മാണത്തില്‍ ഇന്ത്യയ്ക്കൊപ്പം യുഎസും പങ്കാളികളാകും. യുഎസില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയശേഷം അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി ബ്രാഡ് ഷെര്‍മാനാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡിനെതിരെയുള്ള ഇന്ത്യന്‍ പ്രതിരോധത്തില്‍ യുഎസും കൈകോര്‍ക്കുമെന്ന് ബ്രാഡ് ഷെര്മാന് അറിയിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജീത് സിങ് സന്ധുവുമായി അടുത്ത് തന്നെ ചര്‍ച്ച നടത്തും. അതിനുശേഷം വാക്സിന് നിര്‍മാണത്തിനും കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയ്ക്ക് വേണ്ട സഹായങ്ങള്‍ എത്തിച്ച് നല്‍കുന്നതിനെ കുറിച്ചും തീരുമാനമെടുക്കുമെന്നും യുഎസ് അറിയിച്ചു. വെള്ളിയാഴ്ച വരെ എസ്. ജയശങ്കര്‍ യുഎസില്‍ തുടരും.
യുഎസില്‍ നിന്നു വാക്സിന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനും മറ്റുമായാണ് കേന്ദ്രമന്ത്രി യുഎസില്‍ സന്ദര്‍ശനം നടത്തുന്നത്. വാക്സിന്റെ ഗുണനിലവാരം സംബന്ധിച്ച ആരോഗ്യവകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രമന്ത്രി പരിശോധിക്കുകയും ഉന്നതരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചയും നടത്തുന്നുണ്ട്. ഇതോടൊപ്പം കോവിഡ് പ്രതിരോധത്തിന് ആവശ്യമുള്ള വസ്തുക്കള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ചും, ഇന്ത്യ- പെസഫിക് മേഖലയിലെ ഗുണനിലവാരം സുരക്ഷ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. യുഎസ് പ്രതിരോധ വകുപ്പുമായും സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റുമായും കേന്ദ്രമന്ത്രി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: