തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ബി.ഗോവിന്ദന്റെ തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍ മോഷണം നടത്തിയ കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാവ് മുഹമ്മദ് ഇര്‍ഫാനെ കസ്റ്റഡിയിലെടുക്കുന്നതില്‍ കേരള പൊലീസിന് വന്‍ വീഴ്ച. ഗോവ പൊലീസില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം എത്തിയപ്പോഴേക്കും ബിഹാര്‍ റോബിന്‍ഹുഡ് എന്ന പ്രതി ജാമ്യത്തിലിറങ്ങി കടന്നു കളഞ്ഞു. ഇതോടെ മ്യൂസിയം എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലേക്ക് മടങ്ങി.
വിഷു ദിനത്തിലാണ് കവടിയാറിലെ ഭീമ ജ്വല്ലറി ഉടമ ബി ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടന്നത്. സിസിടിവി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ കേരള പൊലീസ് മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായം തേടി. ഒടുവില്‍ ആന്ധ്രാപ്രദേശ് പൊലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇതിനിടെ ഗോവയില്‍ നടന്ന ഒരു കോടി രൂപയുടെ മോഷണവുമായി ബന്ധപ്പെട്ട് ഇര്ഫാന് പനാജി പൊലീസിന്റെ പിടിയിലായി. മെയ് ആറിന് ഇക്കാര്യം പനാജി പൊലീസ് കേരള പൊലീസിനെ അറിയിക്കുകയും ചെയ്തു. പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് കേരള പൊലീസും വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ഗോവയില്‍ എത്തിയത്.
അപ്പോഴേക്കും പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു. സംസ്ഥാനത്തെ ലോക്ക് ഡൗണും തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണുമാണ് യാത്ര വൈകിപ്പിച്ചതെന്നാണ് പൊലീസ് വാദം. എന്നാല്‍ ഇത്രയും വലിയ കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതില്‍ വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: