കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ എന്താണ് കേരളത്തിന്റെ യഥാര്‍ത്ഥ സ്ഥിതി? രോഗവ്യാപനം പിടിച്ചുനിര്‍ത്തുന്നതിലും മരണങ്ങള് കുറച്ചുകൊണ്ടുവരുന്നതിലും നമുക്ക് എത്രമാത്രം വിജയിക്കാന്‍ കഴിയുന്നുണ്ട്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി മുഖ്യമന്ത്രി പിണറായി വിജയന് ദിനംതോറും വാര്‍ത്താസമ്മേളനം വിളിച്ച് നടത്തുന്ന ഏകപക്ഷീയമായ പ്രഖ്യാപനങ്ങളില്‍ അര്‍ത്ഥസത്യങ്ങളും അസത്യങ്ങളുമാണുള്ളതെന്നും, സ്ഥിതിവിശേഷത്തിന്റെ ഗുരുതരാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്ന വസ്തുതകള്‍ മൂടിവയ്ക്കപ്പെടുകയാണെന്നും പല രീതിയില്‍ വെളിപ്പെടുകയാണ്. സംസ്ഥാനത്തെ ചില ശ്മശാനങ്ങളില്‍ സംസ്കരിക്കുന്ന കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും സര്‍ക്കാരിന്റെ മരണക്കണക്കും തമ്മില്‍ വലിയ വ്യത്യാസമുള്ളതിന്റെ റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവരികയുണ്ടായി. സര്‍ക്കാരിന്റെ കണക്കെടുപ്പില്‍ പല കൊവിഡ് മരണങ്ങളെയും ഒഴിവാക്കുന്നു എന്ന സംശയം ജനങ്ങളില്‍ ബലപ്പെട്ടിട്ടുണ്ട്. പക്ഷേ ഓരോ ദിവസവും ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് മുഖ്യമന്ത്രി ചില കണക്കുകള്‍ പുറത്തുവിടുന്നു. മാധ്യമങ്ങളുടെ സഹായത്തോടെ ഇത് ശരിയാണെന്ന പൊതുധാരണ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കൊവിഡ് മരണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ക്ക് യഥാര്‍ത്ഥ വസ്തുതകളുമായി വിദൂരബന്ധം മാത്രമാണുള്ളതെന്ന് തെളിയിക്കുന്ന ഒരു വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നു. കേരള ഗവണ്മെന്റ് പോസ്റ്റ് ഗ്രാജേ്വറ്റ് മെഡിക്കല്‍ ടീച്ചേഴ്സ് അസോസിയേഷന് നടത്തിയിരിക്കുന്ന ഒരു ഔദേ്യാഗിക പ്രസ്താവനയാണ് സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ ഭീകരാവസ്ഥ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ കോളേജ് ആശുപത്രി
യില്‍ ഇക്കഴിഞ്ഞ മെയ് 12 എന്ന ഒറ്റ ദിവസം 70 കൊവിഡ് മരണങ്ങളുണ്ടായെന്നാണ് കെജിപിഎംടിഎ പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ 32 പേര് മാത്രമെ മരിച്ചിട്ടുള്ളൂവെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. 38 മരണങ്ങള് മറച്ചുവച്ചുവെന്നര്ത്ഥം. മെഡിക്കല്‍ കോളേജില്‍ ഒരു മൃതദേഹം ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും അനാസ്ഥകൊണ്ട് 15 മണിക്കൂര്‍ അനാഥമായി കിടന്നു എന്ന ആരോപണമുയര്‍ന്നപ്പോള്‍ മോര്‍ച്ചറിയുടെ അപര്യാപ്തതകളും മരണങ്ങളുടെ എണ്ണക്കൂടുതലും ചൂണ്ടിക്കാട്ടിയാണ് കെജിപിഎംടിഎ പ്രസ്താവനയിറക്കിയതും അപ്രിയ സത്യം പുറത്തുവന്നതും. ഇത് ഏതെങ്കിലും ഒരു ആശുപത്രിയിലുണ്ടായ ഒറ്റപ്പെട്ട സംഭവമല്ലെന്നും, കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് കൂട്ടമരണങ്ങള്‍ തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതില്‍നിന്ന് വ്യക്തമാവുന്നു.
കൊവിഡ് പ്രതിരോധത്തിലടക്കം മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് ജനങ്ങള്‍ ഭരണത്തുടര്‍ച്ച നല്‍കിയതെന്ന ആവേശം കൊണ്ടുനടന്നപ്പോഴാണ് ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെ ഇത്രയേറെ കൊവിഡ് മരണങ്ങള് നടന്നത്. ഈ ഭീകരാവസ്ഥ തല്ക്കാലം മൂടിവയ്ക്കുന്നതാണ് നല്ലതെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കാം. ഉത്തരേന്ത്യയിലെ കൊവിഡ് മരണങ്ങള് ഊതിവീര്‍പ്പിച്ച്, ഹാ! കേരളം എത്ര സുരക്ഷിതമെന്ന് അഭിമാനിക്കുന്ന പല മലയാള മാധ്യമങ്ങളും തലസ്ഥാനത്ത് ഒറ്റ ദിവസം നടന്ന ഈ കൂട്ടമരണം കണ്ടില്ലെന്നു നടിച്ചു. ഗംഗയില്‍ കൊവിഡ് ബാധിച്ച് മരിച്ച മനുഷ്യരുടെ മൃതദേഹങ്ങള്‍ ഒഴുകിനടക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജചിത്രം പ്രചരിപ്പിച്ചവരാണ് കേരളം ഭരിക്കുന്നവരുടെ രോ ഷം ക്ഷണിച്ചുവരുത്താതിരിക്കാന്‍ മാധ്യമധര്‍മം പോക്കറ്റില്‍ സൂക്ഷിച്ചത്. ഭരണാധികാരികളെ പ്രീണിപ്പിക്കാന്‍ ഗുരുതരമായ ഒരു പ്രശ്നം ജനങ്ങളില്‍നിന്ന് മറച്ചുപിടിച്ചവര്‍ എന്തൊക്കെ അധര്മങ്ങളായിരിക്കും ചെയ്യുന്നുണ്ടാവുക. മുന്നണിക്ക് നേതൃത്വം നല്കുന്ന കക്ഷിയുടെ ആസ്ഥാനത്ത് അധികാരത്തിന്റെ അപ്പക്കഷ്ണം മുറിച്ചുതിന്നാനും, അധികാരമേറ്റെടുക്കല്‍ ചടങ്ങിന് ആളെക്കൂട്ടാനും കൊവിഡ് പ്രോട്ടോക്കോള്‍ കാറ്റില്പ്പറത്തിയപ്പോഴും അതൊരു വലിയ പ്രശ്നമായി പല മാധ്യമങ്ങളും കണ്ടില്ല. കൊവിഡ് മരണങ്ങളില്‍ മാത്രം ഇക്കൂട്ടര്‍ വ്യത്യസ്തമായി പെരുമാറുമെന്ന് കരുതാനാവില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: