വാഷിങ്ടണ്‍: തായ്വാന് പിടിക്കാന്‍ 1958ല്‍ ശ്രമിച്ചപ്പോള്‍ ചൈനയ്ക്കെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ അമേരിക്ക നീക്കം നടത്തിയതിന്റെ സൈനിക രേഖകള്‍ പുറത്തുവന്നു. തായ്വാന്റെ അധീനതയിലുണ്ടായിരുന്ന ക്വെമോയി ദ്വീപില്‍ ചൈന ശക്തമായ വ്യോമാക്രമണം നടത്തിയ ഘട്ടത്തിലാണ് അന്ന് അമേരിക്കയുടെ പ്രസിഡന്റായിരുന്ന ഐസന്‍ഹോവറുടെ മുന്നില്‍ ഈ നിര്‍ദേശം ചെന്നത്.
തായ്വാന് പൂര്‍ണമായി ചൈന പിടിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നുമാണ് സൈന്യം പ്രസിഡന്റിനു നല്കിയ റിപ്പോര്‍ട്ട്. ഇത് സജീവമായി പരിഗണിച്ച ഐസന്‍ഹോവര്‍ ചൈനയ്ക്കെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിച്ചുവെന്നാണ് പുറത്തു വരുന്ന രേഖകള്‍ വ്യക്തമാക്കുന്നത്.
1971ലെ വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്ക സ്വീകരിച്ച സൈനിക നടപടികെളെക്കുറിച്ചുള്ള രേഖകകള്‍ പുറത്തുവിട്ടതിലൂടെ പ്രശസ്തനായ ഡാനിയല്‍ എല്‍സ്ബെര്‍ഗാണ് ഇതിന്റെ വിശദാംശങ്ങളും പുറത്തു വിട്ടത്. 1958ല്‍ തായ്വാനോടു ചേര്‍ന്നുള്ള ദ്വീപുകള്‍ക്കു നേരെ ചൈന നടത്തിയ ആക്രമണമാണ് അമേരിക്കയെ ചൊടിപ്പിച്ചത്. തായ്വാനില് പൂര്‍ണതോതിലുള്ള ചൈനീസ് അധിനിവേശത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടു നല്കി. ചൈനയെ തടയണമെങ്കില്‍ ആണവായുധങ്ങള്‍ പ്രയോഗിക്കണമെന്നും ആവശ്യപ്പെട്ടു. ഐസന്‍ഹോവര്‍ ഭരണകൂടം ഇതെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടത്തിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
അമേരിക്കന്‍ വ്യോമസേനയുടെ ജനറല്‍ നാഥാന് ട്വിനിങ് ആണ് ആണവാക്രമണത്തിനായി ശക്തമായി വാദിച്ചത്. എന്നാല്‍, ജപ്പാനിലെ അമേരിക്കന്‍ വ്യോമത്താവളങ്ങള്‍ ലക്ഷ്യമാക്കി ചൈന പ്രത്യാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും ഇതു ചെറുക്കാന്‍ സജ്ജമാവണമെന്നും സംയുക്ത സൈനിക സമിതി അധ്യക്ഷന്‍ മുന്നറിയിപ്പു നല്‍കിയെന്നും രേഖകള്‍ പറയുന്നു. അമേരിക്കയ്ക്ക് സൈനിക പ്രാധാന്യമില്ലാത്ത ഒരു പ്രദേശത്തിനു വേണ്ടി ആണവ യുദ്ധം വേണോ എന്ന ചോദ്യം വൈറ്റ്ഹൗസ് ഉന്നയിച്ചതോടെ ഈ ചര്‍ച്ച തണുത്തു. അമേരിക്ക ഇടപെട്ടാല്‍ തായ്വാനില് സോവിയറ്റ് യൂണിയനും ഇടപെടുമെന്ന സംശയവും വൈറ്റ്ഹൗസിനുണ്ടായിരുന്നു. 1958 ഒക്ടോബര്‍ ആറിന് ചൈന ആക്രമണം അവസാനിപ്പിച്ചതോടെ ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ അമേരിക്കയില്‍ പൂര്‍ണമായും നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: