തിരുവനന്തപുരം : ന്യൂനപക്ഷ വകുപ്പിന് പിന്നാലെ സിപിഐയുടെ കൈവശമുണ്ടായിരുന്ന ദുരന്ത നിവാരണ വകുപ്പും തിരികെ വാങ്ങാനൊരുങ്ങി സിപിഎം. ദുരന്ത നിവാരണ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കുന്നതിനാണ് നീക്കം. നിലവില്‍ റവന്യൂ വകുപ്പിനോട് ചേര്‍ന്നാണ് ദുരന്ത നിരവാണ വകുപ്പും പ്രവര്‍ത്തിക്കുന്നത്്.
സംസ്ഥാനത്ത് നിരന്തരമായി പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ദുരന്ത നിവാരണ വകുപ്പ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വകുപ്പ് കൂടി പിണറായി ഏറ്റെടുക്കുകയാണെങ്കില്‍ റവന്യൂമന്ത്രിയുടെ അധികാരങ്ങള്‍ അതോടെ ദുര്‍ബലമാകും. നിലവില്‍ ജില്ലകളില്‍ കളക്ടര്‍മാരാണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ അധികാര കേന്ദ്രം. വിദഗ്ധ അംഗങ്ങളെ ഉള്‍പ്പെടുത്തി ദുരന്ത നിവാരണ അതോറിട്ടിയെ സ്വതന്ത്ര ചുമതലയുള്ള സംവിധാനമാക്കാനാണ് നീക്കം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ തദ്ദേശ സ്വയംഭരണവുമായി ദുരന്ത നിവാരണ വകുപ്പിനെ ചേര്‍ക്കാന്‍ ആലോചനകള്‍ നടന്നിരുന്നു. അന്ന് സിപിഐ നേതൃത്വം എതിര്‍പ്പുമായി എത്തിയതോടെയാണ് ആ നീക്കം ഉപേക്ഷിച്ചത്. ഇത് കൂടാതെ ഭരണപരവും സാങ്കേതികവുമായ മറ്റ് സങ്കീര്‍ണതകളും അന്ന് ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ റവന്യുമന്ത്രിക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിനും ജില്ലാ ഭരണകൂടങ്ങളുടെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടാന്‍ സാധിക്കുന്ന വിധത്തില്‍ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തിരുന്നു. ഇതില്‍ മുസ്ലിം സമുദായം അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ദുരന്ത നിവാരണ വകുപ്പ്് കൂടി ഏറ്റെടുക്കുന്നതോടെ സുപ്രധാന വകുപ്പുകളിലെല്ലാം മുഖ്യമന്ത്രി പിടിമുറുക്കിയിരിക്കുകയാണ്.
കേന്ദ്ര നിയമത്തിന്റെ ചുവട് പിടിച്ച് 2005ലാണ് സംസ്ഥാനത്ത് ദുരന്ത നിവാരണ വകുപ്പ് നിലവില്‍ വന്നത്. ജില്ലാ ഭരണകൂടങ്ങളുടെ അധികാരങ്ങളോട് ചേര്‍ത്ത് ചട്ടങ്ങള്‍ വന്നതോടെ തുടക്കം മുതല്‍ റവന്യു വകുപ്പുമായി ചേര്‍ന്നായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഓഖി ചുഴലിക്കാറ്റും, പ്രളയവും കേരളത്തില്‍ വന്‍ ദുരന്തം വിതച്ചതോടെ ഈ വകുപ്പിന്റെ പ്രാധാന്യവും വര്‍ധിക്കുകയായിരുന്നു.
അതേസമയം ദുരന്ത നിവാരണ വകുപ്പ് ഏറ്റെടുക്കുന്നതില്‍ സിപിഐ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. റവന്യൂ വകുപ്പിന് പ്രാധാന്യമില്ലാതാകുന്നുവെന്ന് കാണിച്ചാണ് പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: