കൊച്ചി: സിലബസ്സിനും പാഠ്യപദ്ധതിക്കും പുറത്ത് രാഷ്‌ട്രീയം കുത്തി നിറച്ച് സായുധ പോരാട്ടത്തിന് ആഹ്വാനം ചെയ്ത സര്‍വകലാശാല അധ്യാപകനെ പിന്തുണച്ച പാര്‍ലമെന്റ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് കാണിച്ച് വിദ്യാഭ്യാസ സംരക്ഷണ സമിതിയും കേന്ദ്ര വിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗം എ. വിനോദും ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. രാജ്യത്ത് നിലനില്‍ക്കുന്ന ഭരണകൂടം ഫാസിസ്റ്റ് ഭരണമാണെന്നും അതിനെതിരെ ന്യൂനപക്ഷങ്ങളുടെ സഹകരണത്തോടെ സായുധ വിപ്ലവത്തിന് ശ്രമിക്കണമെന്നും വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന അധ്യാപകനെ പിന്തുണച്ച് കോണ്‍ഗ്രസ് എംപിമാരായ ശശി തരൂരും രാജ്‌മോഹന്‍ ഉണ്ണിത്താനം രംഗത്ത് വന്നിരുന്നു. ഇത് ഭരണഘടനയുടെ 99-ാം അനുച്ഛേദത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.
കഥയറിയാതെ ആട്ടം കാണുന്നവരെ പോലെയായി മുന്‍ മന്ത്രിയും ഭരണഘടന വിദഗ്ധനുമായ ശശി തരൂരിന്റെ നടപടി. പഠനത്തിന്റെയോ ഗവേഷണത്തിന്റെയോ പിന്‍ബലത്തോടെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളെ ആധാരമാക്കി മാത്രമേ പഠന ഭാഗമായി വിഷയങ്ങള്‍ ക്ലാസില്‍ അവതരിപ്പിക്കാന്‍ കഴിയൂ. സ്വതന്ത്രവും യുക്തിസഹവുമായ സംവാദത്തിന്റെ രൂപത്തിലും വിഷയങ്ങള്‍ അവതരിപ്പിക്കാം. അതിനും ഗവേഷണ പിന്‍ബലം വേണം. ഇവിടെ അധ്യാപകന്‍ തന്റെ രാഷ്‌ട്രീയ നിലപാടുകള്‍ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തത്. അത് അധ്യാപകന്റെയോ സര്‍വകലാശാലയുടെയോ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയും പരിധിയില്‍ വരില്ല.
ജനാധിപത്യ വോട്ടെടുപ്പ് സംവിധാനത്തെ മാറ്റി ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെ സായുധകലാപം നടത്തി ഇന്നത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സംവിധാനത്തെ മാറ്റണമെന്ന അഭിപ്രായമാണോ അധ്യാപകന്റെ നിലപാടിനെ പിന്തുണയ്‌ക്കുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഉള്ളതെന്ന് അവര്‍ പൊതുജനങ്ങളോട് തുറന്നു പറയണം. ഭാരതം ഒരു ഫാസിസ്റ്റ് രാജ്യമാണന്ന ആക്ഷേപം മോദി സര്‍ക്കാരിനെയല്ല, ഭരണഘടനയെയാണ് അവഹേളിക്കുന്നത്. ലോകത്തിലെ ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ നടത്തിയ മനുഷ്യക്കുരുതികള്‍ സ്വതന്ത്ര ഭാരതത്തിലെ ഏതെങ്കിലും ഭരണാധികാരി നടത്തിയിട്ടുണ്ടോ? വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പഠിപ്പിച്ചാല്‍ വിദ്യാര്‍ത്ഥികളില്‍ തെറ്റായ ധാരണയാണുണ്ടാവുക. അധ്യാപകന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ആവലാതിയുണ്ടെങ്കില്‍ പത്രത്തില്‍ ലേഖനമെഴുതിയതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന കോഴിക്കോട് സര്‍വകലാശാല അധ്യാപകനെയാണ് ഇവര്‍ പിന്തുണയ്‌ക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: