തൃശൂര്‍: ആരോഗ്യ സംവിധാനങ്ങളോ നല്ല റോഡോ ഇല്ലാത്ത ആദിവാസി ഊരുകളില്‍ കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം അട്ടപ്പാടിയിലെ മുരുഗുള ഊരില്‍ ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് പല ഊരുകളിലും രോഗലക്ഷണങ്ങള്‍ ഉള്ളവരുണ്ട്. ആംബുലന്‍സോ മറ്റ് വാഹനങ്ങളോ ഇവിടേക്ക് എത്തിക്കാനാകില്ല.
അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ അങ്ങേയറ്റം പരിതാപകരമായ ജീവിത സാഹചര്യമാണ് ഊരുകളിലേത്. ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടി കോടികള്‍ ചെലവഴിച്ചുവെന്ന സര്‍ക്കാര്‍ അവകാശവാദങ്ങളുടെ പൊള്ളത്തരം ഇവിടെയെത്തിയാല്‍ ബോധ്യപ്പെടും. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരും സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തി.
ഭവാനിപ്പുഴ മുറിച്ച് നീന്തി കടന്ന് വേണം ഊരിലെത്താന്‍. റോഡോ പാലമോ ഇല്ല. പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സുകന്യ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍ വാസു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സൈജു, ഡ്രൈവര്‍ സജേഷ് എന്നിവരാണ് ജീവന് പണയം വെച്ച് ഊരിലെത്തിയത്. മുപ്പത് പേരെ പരിശോധനയ്ക്ക് വിധേയരാക്കി. കൊവിഡ് സ്ഥിരീകരിച്ച ഏഴു പേരെ പുതൂര്‍ ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് മാറ്റി. ഊരിലെ മറ്റുള്ളവര്‍ക്ക് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് വനവാസി ഊരുകളില്‍ കൊവിഡ് സംബന്ധിച്ച് കാര്യമായ പരിശോധനയോ ബോധവത്കരണമോ നടന്നിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഈ മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.
മുരുഗള ഊരില്‍ ഏഴു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകരായ രവികുമാര്‍, രംഗസ്വാമി, ധര്മന്, ബിനു, കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷണ സാധനങ്ങളും മറ്റും ചുമലിലേറ്റി എത്തിച്ചു നല്കി. ദുര്‍ഘടമായ വഴികളും പുഴയും കടന്ന് കിലോമീറ്ററുകള്‍ നടന്നാണ് ഭക്ഷ്യധാന്യങ്ങള്‍ തലച്ചുമടായി എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: