ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിദിന രോഗബാധ 38 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍. അവസാന 24 മണിക്കൂറില്‍ സ്ഥിരീകരിച്ചത് 2.22 ലക്ഷത്തിലേറെ കേസുകള്‍. അതേസമയം, രാജ്യത്തെ ഇതുവരെയുള്ള മരണസംഖ്യ മൂന്നു ലക്ഷം കടന്നു. 4,454 പേരുടെ മരണം കൂടിയാണ് അവസാന ദിവസം രേഖപ്പെടുത്തിയത്. 3,03,720 പേര് ഇതുവരെ വൈറസ് ബാധിച്ചു മരിച്ചിട്ടുണ്ട്.
അവസാന 24 മണിക്കൂറില്‍ രാജ്യത്തു പുതുതായി രോഗം സ്ഥിരീകരിച്ചത് 2,22,315 പേര്‍ക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏപ്രില്‍ 16ന് 2,17,353 കേസുകള്‍ സ്ഥിരീകരിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ആക്റ്റിവ് കേസുകള്‍ വീണ്ടു കുറഞ്ഞ് 27.20 ലക്ഷമായിട്ടുണ്ട്. രോഗമുക്തി നിരക്ക് 88.69 ശതമാനമായി. അതേസമയം, മരണനിരക്ക് 1.14 ശതമാനമായി വര്‍ധിച്ചിട്ടുമുണ്ട്.
ഇതുവരെ രാജ്യത്തു കൊവിഡ് ബാധിച്ചത് 2.67 കോടിയിലേറെ പേര്‍ക്കാണ്. ഇതില്‍ 2.37 കോടിയിലേറെ പേര് രോഗമുക്തരായി. 19.28 ലക്ഷത്തിലേറെ സാംപിളുകള്‍ ഞായറാഴ്ച പരിശോധിച്ചെന്ന് ഐസിഎംആര്‍. പ്രതിദിന മരണസംഖ്യയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നത് മഹാരാഷ്ട്രയാണ്. അവസാന ദിവസം അവിടെ സ്ഥിരീകരിച്ചത് 1,320 കൊവിഡ് മരണമാണ്. കര്‍ണാടകയില്‍ 624 പേരുടെ മരണവും രേഖപ്പെടുത്തി. തമിഴ്നാട്ടില്‍ 422, ഉത്തര്‍പ്രദേശില്‍ 231, പഞ്ചാബില്‍ 192, ഡല്‍ഹിയില്‍ 189, കേരളത്തില്‍ 188, പശ്ചിമ ബംഗാളില്‍ 156, ബിഹാറില്‍ 107, ആന്ധ്രയില്‍ 104 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ അവസാന ദിവസത്തെ മരണസംഖ്യ.
മഹാരാഷ്ട്രയില്‍ ഇതുവരെ വൈറസ് ബാധിച്ചു മരിച്ചവര്‍ 88,620 ആയി. കര്‍ണാടകയില്‍ 25,000 പിന്നിട്ടു; ഡല്‍ഹിയില്‍ 23,000വും. തമിഴ്നാട്ടില്‍ 20,468, ഉത്തര്‍പ്രദേശില്‍ 19,209, പശ്ചിമ ബംഗാളില്‍ 14,364 പേര് വീതം ഇതുവരെ മരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: