ഹരിപ്പാട് : മെയ് 17ന് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി നടത്തിയ കടയടപ്പ് സമരത്തില്‍ പങ്കെടുത്ത വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ ഭക്ഷ്യവകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശാനുസരണം താലൂക്ക് സപ്ലൈ ഓഫീസറന്മാര് സമരത്തില്‍ പങ്കെടുത്ത റേഷന്‍ വ്യാപാരികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ 3500 രൂപ പിഴ അടയ്ക്കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.
ഒരു വര്‍ഷത്തിലധികമായി യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ കോവിഡ് മഹാമാരിക്കാലത്ത് റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്ത 29 പേര് കൊവിഡ് ബാധിച്ച് മരിച്ചെന്നും, ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്നോ ക്ഷേമനിധിയില്‍ നിന്നോ യാതൊരു ആനുകൂല്യവും ലഭിച്ചില്ലെന്നും. ലൈസന്‍സികള്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ 17ന് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ചത്. സമരത്തില്‍ നിന്നും പിന്മാറണമെന്ന മുന്‍ ഭക്ഷ്യമന്ത്രി പി.
തിലോത്തമന്റെ അഭ്യര്‍ത്ഥന തള്ളിയാണ് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ കടയടച്ചത്. റേഷന്‍ വ്യാപാര രംഗത്ത് സിപിഐ, സിപിഎം നേതൃത്വത്തിലുള്ളവരടക്കം മന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് സമരത്തില്‍ നിന്നു പിന്മാറിയിരുന്നു. എന്നാല്‍ ഒരു വിഭാഗം സമരത്തില്‍ ഉറച്ചുനിന്നു. കടയടപ്പ് സമരത്തെ സര്‍ക്കാര്‍ ഗൗരവമായി കണ്ടതോടെ പല കച്ചവടക്കാരും മാപ്പ് ഹര്‍ജി നല്കി ശിക്ഷാ നടപടികളില്‍ നിന്നും രക്ഷപെടാനുള്ള ശ്രമത്തിലാണ്.
എന്നാല്‍ പുതിയ സര്‍ക്കാരും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കടയടപ്പ് സമരത്തെ അതീവ ഗൗരവമായാണ് കാണുന്നത്.അവശ്യസാധന നിയമത്തിന്റെ പരിധിയില്‍ വരുന്ന റേഷന്‍ വിതരണം തടസ്സപ്പെടുത്തിയ ഒരു വിഭാഗം വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് അറിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: