കൊല്ലം: ഇ-സഞ്ജീവിനി ടെലിമെഡിസിന്‍ പദ്ധതിയോട് മുഖം തിരിച്ച് ജനങ്ങള്‍. സ്വയംചികിത്സയിലേക്ക് വ്യാപകമായി മാറുന്നതിനാല്‍ ബോധവത്കരണം വേണമെന്ന ആവശ്യം ശക്തമാകുന്നു. കൊവിഡ് തീവ്രവ്യാപനത്തിലേക്ക് നീങ്ങുമ്പോള്‍ മികച്ച വൈദ്യസഹായം നല്കാന് സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കിയ ടെലിമെഡിസിന്‍ പദ്ധതിയാണ് പാഴുകുന്നത്.
ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി അതുവഴിയുണ്ടാവുന്ന രോഗപ്പകര്‍ച്ച തടയുക എന്ന ലക്ഷ്യത്തിലാണ് ടെലിമെഡിസിന്‍ വ്യാപിപ്പിച്ചത്. പക്ഷേ, ജനങ്ങള്‍ക്ക് ഇതിനോട് ഒരു വിശ്വാസക്കുറവ് പോലെയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. കൊറോണയുടെ രണ്ടാം വരവില്‍ സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായ കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും ജനങ്ങള്‍ക്കിടയില്‍ സ്വയം ചികിത്സയാണ് കൂടുതലായും കാണുന്നതെന്ന് ഡോക്ടര്‍മാരും പറയുന്നു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെന്ന പോലെ സ്വകാര്യ ആശുപത്രികളിലും നിരവധി പേരാണ് എത്തുന്നത്. ടെലിമെഡിസിന്‍ സംവിധാനത്തെ കുറിച്ച് അറിവുണ്ടായിട്ടും രോഗകാര്യങ്ങള്‍ പറഞ്ഞ് മരുന്നിനായി മെഡിക്കല്‍ ഷോപ്പുകളെ അഭയം തേടുന്നവരും വര്‍ധിക്കുകയാണ്.
ഡോക്ടര്‍മാര്‍ ടെലി മെഡിസിന് സംവിധാനത്തെ പൂര്‍ണമായും പിന്താങ്ങുമ്പോള് ജനങ്ങള്‍ പൊതുവെ പുറംതിരിഞ്ഞു നില്‍ക്കുന്നതാണ് പ്രശ്നമെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നു. ആന്റി ബയോട്ടിക് വരെ സ്വയം ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. തൊണ്ടവേദന പോലുള്ള പ്രശ്നങ്ങള്‍ക്കു നല്കുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ വരെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ സ്വയം വാങ്ങി കഴിക്കുകയാണ് ചിലര്‍. പനി, തലവേദന തുടങ്ങിയവയ്ക്ക് പാരസെറ്റമോള്‍ മരുന്ന് തരാതരം ഉപയോഗിക്കുന്നവര്‍ ഏറെയാണെന്ന് പല മെഡിക്കല്‍ ഷോപ്പുകാരും രഹസ്യമായി സമ്മതിക്കുന്നു. ചുമ, തലവേദന, പനി, തൊണ്ടവേദന തുടങ്ങിയ പ്രശ്നങ്ങള്‍ വന്നാല്‍ ഏതു ആന്റിബയോട്ടിക് എന്നൊന്നും നോക്കുന്നില്ല ആരെങ്കിലും ഉപദേശിക്കുന്നതിന് അനുസരിച്ച് വാങ്ങിക്കഴിക്കുകയാണ് ഒരുവിഭാഗം ചെയ്യുന്നത്. കൊവിഡ് വ്യാപനം തുടങ്ങിയതോടെ പ്രതിരോധശേഷി ഉറപ്പാക്കാന്‍ വൈറ്റമിന്‍ സി, കാത്സ്യം, മള്‍ട്ടി വിറ്റമിന്‍ ഗുളികകള്‍ തുടങ്ങി വിറ്റമിന്‍ സപ്ലിമെന്റുകള്‍ സ്വയം വാങ്ങിക്കഴിക്കുന്നവരും കുറവല്ല. സ്വകാര്യ ആശുപത്രികളും ഇപ്പോള്‍ ടെലിമെഡിസിന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.
സാധാരണ രോഗങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ജനറല്‍ ഒപി സേവനം കൂടാതെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഒപി യും ഇപ്പോള്‍ ലഭ്യമാണ്. ദിവസവും മുപ്പതോളം ഡോക്ടര്‍മാര്‍ ജില്ലയില്‍ മാത്രം ഷിഫ്റ്റ് അനുസരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സന്നദ്ധസംഘടനകളും തദേശസ്വയംഭരണസ്ഥാപനങ്ങളും പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ ഡോക്ടര്‍മാരും ടെലിമെഡിസിന്‍ സേവനങ്ങളുമായി സേവനവഴിയിലാണ്. ജനങ്ങള്‍ പരമാവധി ടെലിമെഡിസിന്‍ സേവനങ്ങള്‍ ഉപയോഗിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: