പത്തനാപുരം: ആര്. ബാലകൃഷ്ണപിള്ളയുടെ വില്‍പ്പത്ര വിവാദത്തില്‍ ഗണേഷ്കുമാറിന് പിന്തുണയുമായി പിള്ളയുടെ ബന്ധു ശരണ്യ മനോജ്. ബാലകൃഷ്ണപിള്ള സ്വന്തം നിലയില്‍ തയ്യാറാക്കിയതാണ് വില്‍പ്പത്രമെന്ന് മനോജ് ‘ജന്മഭൂമി’യോട് പറഞ്ഞു. മൂത്ത മകള്‍ ഉഷാ മോഹന്‍ദാസിനാണ് ബാലക്യഷ്ണപിള്ള കൂടുതല്‍ സ്വത്തുക്കള്‍ നല്‍കിയത്. ഇപ്പോഴത്തെ വിവാദങ്ങള്‍ ഗണേഷിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനാണെന്നും മനോജ് പറഞ്ഞു.
ദീര്‍ഘകാലമായി ഗണേഷുമായി അഭിപ്രായ വ്യത്യാസത്തിലാണ് മനോജ്. ഗണേഷുമായുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് വില്‍പ്പത്ര വിവാദത്തില്‍ ഗണേഷിന് പിന്തുണ നല്‍കുന്നതെന്നും മനോജ് പറയുന്നു. ഗണേഷിനോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് 2019 ലാണ് കേരളകോണ്‍ഗ്രസ് (ബി) യില്‍ നിന്ന് രാജിവച്ച് മനോജ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
പിള്ളയുടെ സഹോദരിയുടെ മകളുടെ മകനായ മനോജ് ഒരു കാലത്ത് ബാലകൃഷ്ണപിള്ളയുടെ വിശ്വസ്തനായിരുന്നു. അതുകൊണ്ടു കൂടിയാണ് മനോജിന്റെ വാക്കുകള്‍ക്ക് പ്രസക്തി കൂടുന്നതും. ഉഷാ മോഹന്‍ദാസിന് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ സ്വത്തുക്കള്‍ പിള്ള നല്‍കിയെന്നാണ് മനോജ് പറയുന്നത്. തിരുവന്തപുരത്തും ചെന്നൈയിലും ബെഗളൂരുവിലും ഉഷയ്ക്ക് വീടുകളും ഫഌറ്റുകളുമുണ്ട്. ഇവരുടെ പെണ്മക്കളെ വിവാഹം കഴിച്ച് അയച്ചപ്പോള്‍ മൂന്നരകിലോ സ്വര്‍ണമാണ് നല്‍കിയത്. കൂടാതെ ലണ്ടനില്‍ വീടു വാങ്ങാനായി മൂന്ന് കോടി വേറെയും നല്‍കിയിട്ടുണ്ട്. ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് എങ്ങനെയാണ് ഇത്രയും സ്വത്തുക്കള്‍ കിട്ടിയത് എന്നത് അന്വേഷിക്കേണ്ടതാണെന്നും മനോജ് വ്യക്തമാക്കുന്നു.
1988 മുതല്‍ ബാലകൃഷ്ണപിള്ളക്കൊപ്പം പ്രവര്‍ത്തിച്ചു വന്നതിനാല്‍ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും വ്യക്തമായറിയാമെന്നും മനോജ് പറയുന്നു. 2017ല്‍ പിള്ള ആദ്യം എഴുതിയ വില്‍പ്പത്രത്തില്‍ ഗണേഷിന് സ്വത്തുക്കള്‍ ഒന്നും നല്‍കിയിരുന്നില്ല. പിന്നീട് ബാലകൃഷ്ണപിള്ള രോഗാവസ്ഥയിലായപ്പോള്‍ പെണ്മക്കള് തിരിഞ്ഞുനോക്കിയില്ല. ഗണേഷ് മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. അങ്ങനെയാണ് ബാലകൃഷ്ണപിള്ള വില്‍പ്പത്രം മാറ്റിയെഴുതിയതെന്നും വില്‍പ്പത്രം വായിക്കുന്ന ഏതൊരാള്‍ക്കും അത് മനസ്സിലാകുമെന്നും മനോജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: