അമ്പലപ്പുഴ: പഞ്ചായത്ത് ജീവനക്കാരനെ ഓഫീസില്‍ക്കയറി മര്‍ദ്ദിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവിനെതിരെ അമ്പലപ്പുഴ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയും സിപിഎം ലോക്കല്‍ക്കമ്മിറ്റി അംഗവുമായ പ്രശാന്ത് എസ്. കുട്ടിക്കെതിരെയാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് ജിജീഷിനെയാണ് ജോലി തടസ്സപ്പെടുത്തി മര്‍ദ്ദിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയ്ക്കു ശേഷമായിരുന്നു സംഭവം. പ്രശാന്ത് എസ്. കുട്ടിയുടെ സുഹൃത്തായ പുന്നപ്ര സ്വദേശിയില്‍ നിന്നും പഞ്ചായത്തിലേക്ക് സാനിറ്റൈസര്‍ വാങ്ങിയിരുന്നു.
പഞ്ചായത്ത് സെക്രട്ടറിയുടെ അടുപ്പക്കാരനായ പ്രശാന്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കഴിഞ്ഞ ചൊവ്വാഴ്ച സാനിറ്റൈസര്‍ വാങ്ങിയത്. ഇതിന്റെ ബില്ല് കൈകാര്യം ചെയ്തത് ജിജീഷായിരുന്നു. തൊട്ടടുത്ത ദിവസം ചെക്ക് നല്‍കിയിരുന്നെങ്കിലും ബാങ്ക് സമയം കഴിഞ്ഞതിനാല്‍ അടുത്ത ദിവസമാണ് പണം കിട്ടിയത്. ഇതേ ചൊല്ലി സാനിറ്റൈസര്‍ വിതരണക്കാരന് ജീവനക്കാരനുനേരെ തട്ടിക്കയറിയിരുന്നു. ബില്ല് വൈകിച്ചെന്നും കൂടാതെ ആംബുലന്‍സ് ജീവനക്കാര്‍ക്കായി ഗ്ലൗസും മാസ്ക്കും മറ്റൊരാളില്‍ നിന്നും വാങ്ങാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ജീവനക്കാരന് പറഞ്ഞു.
സെക്രട്ടറിയുടെയും മറ്റ് ജീവനക്കാരുടെയും മുന്നിലിട്ട് മര്‍ദ്ദിച്ച ശേഷം ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിയും ജീവനക്കാരനും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ പരാതി പിന്‍വലിച്ചില്ലെങ്കില്‍ തനിക്കെതിരെ വ്യാജ പരാതി നല്‍കുമെന്ന ഭീഷണി ഉണ്ടെന്നും ജീവനക്കാരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: