എല്‍ഡിഎഫിന് തുടര്‍ഭരണം സമ്മാനിക്കുകയും, യുഡിഎഫിന് കനത്ത പരാജയം ഏല്പ്പിച്ചിക്കുകയും ചെയ്തിരിക്കുകയാണല്ലോ നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി. പിണറായി വിജയന് ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും, കോണ്‍ഗ്രസ്സിലെ ചേരിപ്പോരു കാരണം അല്‍പ്പം വൈകിയാണെങ്കിലും വി.ഡി. സതീശനെ പ്രതിപക്ഷനേതാവായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് കേവലം അധികാര തുടര്‍ച്ചയാണെന്ന് മുഖ്യമന്ത്രിയെക്കുറിച്ച് മാത്രമല്ല, പ്രതിപക്ഷ നേതാവിനെക്കുറിച്ചും പറയാം. നയ നിലപാടുകളില്‍ ഇരുകൂട്ടരും ഒരേ തൂവല്‍ പക്ഷികളാണ്. അഞ്ച് വര്‍ഷം രമേശ് ചെന്നിത്തല ഇരുന്ന കസേരയിലേക്ക് പാര്‍ട്ടിയിലെ പ്രമുഖരെ മറികടന്ന് എത്തിയിരിക്കുന്ന സതീശന് തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസ്സിന്റെ തനിനിറം പ്രകടമാക്കിയിരിക്കുന്നു. സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടക്കെതിരെ ജാഗ്രത പുലര്‍ത്തണം. പരസ്പരം പാലൂട്ടിവളര്‍ത്തുന്ന ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കും എന്നൊക്കെയാണ് സതീശന് വര്‍ധിതവീര്യത്തോടെ പ്രഖ്യാപി
ച്ചിരിക്കുന്നത്. അതേസമയം, ന്യൂനപക്ഷ വര്‍ഗീയത തടയുന്നതില്‍ മുസ്ലിംലീഗിന്റെ പങ്ക് വളരെ വലുതാണെന്ന് സതീശന് കണ്ടുപിടിച്ചിരിക്കുകയും ചെയ്യുന്നു. ഈ ഒറ്റ പ്രസ്താവനയോടെ വര്‍ഗീയതക്കെതിരായ സതീശന്റെ നിലപാട് വെള്ളം ചേരാത്ത വഞ്ചനയാണെന്ന് കപട മതേതരത്വത്തെക്കുറിച്ചുള്ള വാചകമടികള്‍ക്കപ്പുറം നേരായി ചിന്തിക്കുന്ന ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാനാവും.
സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പു മുതല്‍ കേരളീയ സമൂഹത്തില്‍ മതവര്‍ഗീയത ഊട്ടിവളര്‍ത്തിയ മുസ്ലിംലീഗ് ന്യൂനപക്ഷ വര്‍ഗീയത തടയുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നു സതീശന് പറയുന്നത് എത്ര പരിഹാസ്യമാണ്? ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആശയങ്ങളില്‍ അധിഷ്ഠിതമാണത്രേ ഇത്! ചത്തകുതിര എന്ന് നെഹ്റു വിശേഷിപ്പിച്ച ലീഗിന്റെ വര്‍ഗീയതയ്ക്ക് വളംവച്ച് കേരളത്തില്‍ ആ പാര്‍ട്ടിയെ പാലൂട്ടിവളര്‍ത്തിയത് കോണ്‍ഗ്രസ്സാണ്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സതീശന്റെ നേതാവ് രാഹുല്‍ ഗാന്ധി മത്സരിച്ച മണ്ഡലത്തില്‍ പാറിക്കളിക്കുന്ന ലീഗിന്റെ പച്ചക്കൊടി കണ്ട് പാക്കിസ്ഥാന് പതാകയാണെന്ന് മറ്റു സംസ്ഥാനങ്ങളിലെ കോണ്ഗ്രസ്സുകാര് തന്നെ തെറ്റിദ്ധരിച്ചത് സതീശന് അറിഞ്ഞിട്ടില്ലായിരിക്കാം. ഇസ്ലാമിക വര്‍ഗീയതയെയും മതമൗലികവാദത്തെയുമൊക്കെ പ്രോത്സാഹിപ്പിക്കുന്ന മറ്റ് സംഘടനകളോടുള്ള ലീഗിന്റെ എതിര്‍പ്പ് കേവലം സംഘടനാപരമാണ്. മാറാട് കൂട്ടക്കൊലയുടെ കാര്യത്തിലും, തുര്‍ക്കിയിലെ ഹാഗിയ സോഫിയ പള്ളി പ്രശ്നത്തിലും കടുത്ത വര്‍ഗീയ നിലപാ
ടുകളാണ് ലീഗ് കൈക്കൊണ്ടത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന കസേരയില്‍ ഇരുപ്പുറപ്പിക്കാന്‍ താന്‍ ഹിന്ദുവിരുദ്ധനാണെന്ന് വരുത്തിത്തീര്‍ക്കേണ്ടത് സതീശന്റെ ആവശ്യമായിരിക്കാം. സതീശന് തന്ത്രശാലിയായ ഹിന്ദുവിരോധിയാണെന്ന് ക്ഷേത്രങ്ങള്‍ രാഷ്ട്രീയമുക്തമാക്കണമെന്ന ഹിന്ദുസംഘടനകളുടെ മതേതരവും ന്യായവുമായ ആവശ്യം നിരാകരിച്ചതില്‍നിന്നുതന്നെ വ്യക്തമായതാണല്ലോ.
സതീശന് പറയുന്ന കാര്യം തന്നെയാണ് രാഷ്ട്രീയമായി എതിര്‍പക്ഷത്ത് നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന മന്ത്രി എം.വി. ഗോവിന്ദനും ആവര്‍ത്തിക്കുന്നത്. കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയതയെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷ വര്‍ഗീയതയാണത്രേ. മുസ്ലിങ്ങളുടെ രക്ഷകന് ഇനി താനാണെന്ന് വരുത്താന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ ന്യായീകരിച്ചുകൊണ്ടാണ് മന്ത്രി ഗോവിന്ദന് അസത്യ പ്രസ്താവനയിലൂടെ ന്യൂനപക്ഷ വര്‍ഗീയതയെ വെള്ളപൂശാന്‍ നോക്കുന്നത്. ഭക്ഷ്യക്കിറ്റും സാമൂഹ്യ പെന്ഷനുമൊന്നുമല്ല, മുസ്ലിം വര്‍ഗീയ ധ്രുവീകരണമാണ് തങ്ങള്‍ക്ക് തുടര്‍ഭരണം സമ്മാനിച്ചതെന്ന് സിപിഎമ്മിന് നന്നായറിയാം. ഈ ശക്തികളെ കൂടുതല്‍ പ്രീണിപ്പിക്കുകയും, അതേസമയം ഹിന്ദുക്കളെയും ക്രൈസ്തവരെയും കബളിപ്പിക്കുകയും വേണം. സമൂഹത്തെ മതത്തിന്റെ പേരില്‍ വിഭജിച്ചുകൊണ്ടിരിക്കുകയും, ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ശക്തികളെ സ്വന്തം അടുക്കളയില്‍ തീറ്റിപ്പോറ്റുകയും ചെയ്യുന്ന പണിയാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ചെയ്യുന്നത്. കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ പരാജയത്തിന് കാരണമായ ഈ ആപല്‍ക്കരമായ നയത്തെ വിമര്‍ശിച്ച് ഒരു വാക്കുപോലും പറയാതെയാണ് വി.ഡി. സതീശന് ഹിന്ദുസമൂഹത്തിനുമേല്‍ കുതിരകേറുന്നത്. ഭരണപക്ഷവും പ്രതിപക്ഷവുമായി നിന്ന് ഒരേപോലെ വര്‍ഗീയ പ്രീണനം നടത്തുകയും, അതിന്റെ ഇരകളായി മാറുന്ന ഹിന്ദുക്കളെ അപഹസിക്കുകയും ചെയ്യുന്ന ഇടതു-വലതു മുന്നണി രാഷ്ട്രീയത്തിന്റെ ആപല്‍ക്കരമായ സ്വഭാവം തിരിച്ചറിയപ്പെടേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: