തിരുവനന്തപുരം: ഒരിക്കല്‍കൂടി ഹൈക്കമാന്‍ഡ് തനിക്ക് അനുകൂലമായ നിലപാടെടുക്കുമെന്ന രമേശ് ചെന്നിത്തലയുടെ പ്രതീക്ഷ അസ്തമിച്ചു. ഉമ്മന്‍ചാണ്ടി കൂടി കൈയൊഴിഞ്ഞതോടെ ഹൈക്കമാന്‍ഡ് വി.ഡി. സതീശനെ നിയമസഭാകക്ഷി നേതാവായി പ്രഖ്യാപിക്കുകയായിരുന്നു.
എഐസിസി നിരീക്ഷകരുടെ മുന്നില്‍ എംഎല്‍എമാര്‍ ചെന്നിത്തലയുടെ പേര് പറഞ്ഞുവെങ്കിലും യുവ എംഎല്‍എമാരില്‍ നല്ലൊരു ശതമാനം ഗ്രൂപ്പിനതീതമായി പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ടിരുന്നു. എഐസിസി നേതാക്കള്‍ അഭിപ്രായമാരാഞ്ഞ മുതിര്‍ന്ന നേതാക്കളും ഇതനനുകൂലമായി പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല മോശം പ്രകടനമല്ല കാഴ്ചവച്ചത് എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
സതീശനെ പ്രതിപക്ഷ നേതാവും കെ. സുധാകരനെ കെപിസിസി പ്രസിഡന്റും പി.ടി. തോമസിനെ യുഡിഎഫ് കണ്‍വീനറും ആക്കണമെന്ന പാക്കേജും ഇതിനിടെ എഐസിസിക്കു മുന്നില്‍ വന്നു. ഇത് അംഗീകരിക്കുമെന്ന നില വന്നതോടെ ഉമ്മന്‍ചാണ്ടി ചെന്നിത്തലയ്ക്കു വേണ്ടി നിലകൊള്ളുകയാണെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പ്രചരിപ്പിച്ചു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ചെന്നിത്തലയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന പ്രതീതിയും സൃഷ്ടിച്ചു. ഇതോടെയാണ് താന്‍ ആര്‍ക്കുവേണ്ടിയും സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. ഇതോടെ സതീശനെ പ്രഖ്യാപിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു. കെ.സി. വേണുഗോപാലും രാഹുല്‍ഗാന്ധിയും സതീശന് വേണ്ടി പച്ചക്കൊടി കാട്ടി.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ പിണറായി സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്തു കൊണ്ടുവരാനും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനും ചെന്നിത്തലയ്ക്കു കഴിഞ്ഞു. ആരോപണങ്ങളില്‍ നിന്ന് മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്, ഇഎംസിസി മറയാക്കിയുള്ള ആഴക്കടല്‍ക്കൊള്ള, സ്പ്രിംഗ്ലര്‍ ഇടപാട്, പമ്പ മണല്‍കടത്ത്, ഇ മൊബിലിറ്റി തട്ടിപ്പ്, ബെവ്ക്യൂ ആപ്പ്, കെ ഫോണ്‍ പദ്ധതി, ഡിസ്റ്റിലറി ബ്രൂവറി അഴിമതി, ട്രാന്‍സ്ഗ്രിഡ് അഴിമതി, മസാല ബോണ്ട്, ബന്ധുനിയമനങ്ങള്‍, കെ.ടി. ജലീലിന്റെ ബന്ധുനിയമനവും മാര്‍ക്കുദാനവും, നിയമസഭയിലെ ധൂര്‍ത്തുകളും അഴിമതികളും ഏറ്റവും ഒടുവില്‍ വോട്ടര്‍പട്ടികയിലെ വ്യാജ വോട്ടുകള്‍ വരെ പുറത്തുകൊണ്ടുവന്നിട്ടും ഇതൊന്നും വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിനും ചെന്നിത്തലയുടെ നേതൃത്വത്തിനുമായില്ല.
സര്‍ക്കാരിന്റെ അവസാന കാലത്ത് നടത്തിയ പോരാട്ടം പാര്‍ട്ടിയെയും ചെന്നിത്തലയെയും രക്ഷിച്ചില്ല. പിണറായി സര്‍ക്കാരിന്റെ തുടക്കകാലത്ത് ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനോ പാര്‍ട്ടിയെ സമരമുഖത്തിറക്കാനോ കഴിയാതെ പോയതും തിരിച്ചടിയായി. പിണറായിയെ പിആര്‍ വഴി ശക്തനായ ഭരണാധികാരിയായി അവതരിപ്പിച്ച വേളയില്‍ തന്നെ വളരെ ആസൂത്രിതമായി ചെന്നിത്തലയെ പൊതുഇടങ്ങളില്‍ ട്രോളി പരിഹസിക്കാന്‍ സിപിഎം തന്ത്രം മെനഞ്ഞിരുന്നു. ഇതും വിജയിച്ചു. കോണ്‍ഗ്രസ് പരാജയത്തില്‍ നിരാശരായ അണികളും നേതാക്കളും മുസ്ലീംലീഗ് അടക്കമുള്ള ഘടകക്ഷികളും വരെ നേതൃമാറ്റമെന്ന ആവശ്യം ഉയര്‍ത്തിയതോടെ ഹൈക്കമാന്‍ഡും ചെന്നിത്തലയുടെ വഴിയടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: