ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് വേണ്ടി ഗുസ്തിയില്‍ ഒളിമ്പിക് മെഡലുകള്‍ നേടിക്കൊടുത്ത സുശീല്കുമാറിലെ ദല്‍ഹി പൊലീസ് നാടകീയമായി ഞായറാഴ്ച അറസ്റ്റ് ചെയ്തു. യുവ ബോക്സിംഗ് താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 ദിവസമായി ഒളിവില്‍ക്കഴിയുകയായിരുന്നു സുശീല്‍കുമാര്‍.
ഒടുവില്‍ കൂട്ടുകാരന് അജയോടൊപ്പം ദല്‍ഹിയിലെ മുണ്ഡ്കയില്‍ എത്തുമെന്ന രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് എസിപി അത്തര്‍ സിംഗ്, ഇന്‍സ്പെക്ടര്‍ ശിവകുമാര്‍, ഇന്‍സ്പെക്ടര്‍ കരംബീര്‍, എസ് ഐ രാജേഷ് ശര്‍മ്മ എന്നിവര്‍ വിരിച്ച വലയില്‍ സുശീല്‍കുമാര്‍ കുടുങ്ങുകയായിരുന്നെന്ന് ഡിസിപി സ്പെഷ്യല്‍ സെല്‍ പ്രമോദ് കുശ്വാഹ പറഞ്ഞു. സുശീല്‍കുമാര്‍ ഒരു ക്രിമിനലിനെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ ഒരേ സമയം 14 സെല്‍ഫോണുകള്‍ വരെ ഉപയോഗിച്ചിരുന്നുവെന്നും ദല്‍ഹി പൊലീസ് ഡിസിപി സ്പെഷ്യല്‍ സെല്‍ പ്രമോദ് കുശ്വാഹ പറഞ്ഞു.
‘ഒളിവില്‍ക്കഴിയുമ്പോള്‍ സുശീല്കമാറിന്റെ സുഹൃത്തുക്കള്‍ തന്നെയാണ് പണം കൊടുത്തിരുന്നത്. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നത് പിടിവീഴാന്‍ കാരണമാകുമെന്ന സംശയമുണ്ടായിരുന്നതിനാല്‍ സുശീല്‍കുമാര്‍ അത് ഒഴിവാക്കുകയായിരുന്നു.’ ദല്‍ഹി പൊലീസ് പറയുന്നു.
അന്വേഷണം തടസ്സപ്പെടുത്താന്‍ തന്റെ സുഹൃത്തുക്കള്‍ വഴി സുശീല്‍കുമാര്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. സാക്ഷികളാകാന്‍ മിക്ക ബോക്സര്‍മാരും ഭയം കാരണം മടിച്ചുവെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മെയ് നാലിന് രാത്രിയിലാണ് ഛത്രസാല്‍ സ്റ്റേഡിയത്തില്‍ ഗുസ്തിക്കാരുടെ സംഘങ്ങള്‍ തമ്മില്‍ വഴക്കുണ്ടായത്. വഴക്ക് മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് ഒരു സംഘത്തിലെ ആരോ വെടിവച്ചു. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ യുവഗുസ്തിതാരവും മുന്‍ ദേശീയ ജൂനിയര്‍ ചാമ്പ്യനുമായ സാഗര്‍ റാണയെ സിവില്‍ ലൈന്‍സിലെ ട്രോമ സെന്ററില്‍ എത്തിച്ചെങ്കിലും മരിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ജജ്ജാറിലെ യുവരാജാവ് ദലാല്‍ ഇരട്ടക്കുഴല്‍ തോക്കടക്കം ഹരിയാനയില്‍ നിന്നും അറസ്റ്റിലായി. ഈ വെടിവെപ്പില്‍ സുശീല്‍കുമാറിന്റെ കൂട്ടാളിയും പ്രതിയുമായ സോനു മഹാല്‍ ഗുണ്ടാത്തലവന് കാല ജതേദിയുടെ സംഘത്തില്‍പ്പെട്ട ആളായിരുന്നു. എന്നാല്‍ ഈ സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് സുശീല്‍ കുമാര്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് അന്വേഷണം പുരോഗമിക്കവേ, സുശീല്‍കുമാര്‍ ഒളിവില്‍ പോകുകയായിരുന്നു.
സാഗറിന്റെ കോച്ചിനെയും പരിശീലനത്തിനുള്ള സ്റ്റേഡിയവും മാറ്റണമെന്ന് ആവശ്യപ്പെട്ടത് സുശീല്‍കുമാറിനെ വല്ലാതെ വേദനിപ്പിച്ചുവെന്ന് കൊല്ലപ്പെട്ട സാഗറിന്റെ അമ്മാവന് നരേന്ദര്‍ പറയുന്നു. ഇത് സംബന്ധിച്ച തര്‍ക്കമാകാം കൊലപാതകത്തിന് കാരണമെന്ന് പറയുന്നു. കേസില്‍ സാക്ഷിപറയാന്‍ തയ്യാറായ സോനു തനിക്ക് സുശീല്‍ കുമാറിന്റെ കയ്യില്‍ നിന്നും ഭീഷണിയുണ്ടെന്നും ദല്ഹിപൊലീസീനോട് വെളിപ്പെടുത്തി.
ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി സുശീല്‍ കുമാറിന് ജാമ്യം നിഷേധിച്ചു. സുശീല്‍ കുമാര്‍ 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ ഓട്ടുമെഡലും 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെള്ളിമെഡലും നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: