മറ്റാര്‍ക്കുമില്ലാത്ത സ്വഭാവ വിശേഷങ്ങളാണ് ചൈനയെ ശ്രദ്ധേയമാക്കുന്നത്. ചത്ത് കട്ടിലൊഴിയും വരെ അധികാരത്തില്‍ തുടരാന്‍ അംഗീകാരം വാങ്ങിയ പ്രസിഡന്റ് അയല്‍രാജ്യങ്ങളുടെ മണ്ണ് കവര്‍ന്നെടുക്കാനുള്ള ആര്‍ത്തി ലോകരാജ്യങ്ങളിലേക്ക് മഹാമാരികളെ കയറ്റി അയക്കാനുള്ള ത്വര. ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ നിര്‍മിച്ച് ആളെ പറ്റിക്കാനുള്ള മിടുക്ക്. മനുഷ്യത്വം തൊട്ടുതീണ്ടാത്ത അധികാരി വര്‍ഗം. ഇതിനൊന്നും ചൈനയോട് ആരും ചോദിക്കാനും പറയാനും ചെല്ലാറില്ല.
അതുതന്നെയാണ് ആ രാജ്യത്തിന്റെ കരുത്ത്. ആരും ചോദിക്കാനും പറയാനും ഇല്ലാതെ വരുമ്പോള്‍ എന്ത് തോന്ന്യാസവും കാണിക്കാമെന്ന ധൈര്യം. ആകാശത്തേക്ക് വിട്ട പടുകൂറ്റന്‍ റോക്കറ്റ് ഭൂമിയിലേക്ക് കുതിച്ചു പാഞ്ഞുവന്നപ്പോള്‍ കയ്യും കെട്ടി ഇരുന്നതും അതുകൊണ്ടാണ്. ചൈന ഏപ്രില്‍ മാസം ആകാശത്തേക്കയച്ച റോക്കറ്റ് ഒരു നിയന്ത്രണവുമില്ലാതെ ഭൂമിക്കു നേരെ കുതിച്ചെത്തിയപ്പോള്‍ ലോകമാകെ അന്ധാളിച്ചുനിന്നു. സെക്കന്റില്‍ ഏഴ് കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചു വന്ന ആ റോക്കറ്റിന്റെ വരവ് ലോകജനതയെ ഏതാണ്ട് ഒരാഴ്ചയോളമാണ് മുള്‍മുനയില്‍ നിറുത്തിയത്. പക്ഷേ ചൈനക്ക് മാത്രം യാതൊരു അങ്കലാപ്പും ഉണ്ടായില്ല. പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ലല്ലോ.
എന്തായാലും ചീനാ റോക്കറ്റ് നടുക്കടലില്‍ വന്നു വീണു. മാലദ്വീപുകള്‍ക്ക് സമീപം ഇന്ത്യാ മഹാസമുദ്രത്തില്‍. ഏതാണ്ട് പത്ത് നില കെട്ടിടത്തിന്റെ ഉയരവും 21 ടണ്‍ ഭാരവുമുള്ള റോക്കറ്റ് ഭാഗം (കോര്‍ സ്റ്റേജ്) അങ്ങനെ അപകടമില്ലാതെ താഴെയെത്തി.
ചൈനയുടെ സ്വപ്ന പദ്ധതിയായ ആകാശകൊട്ടാരം (ലാര്‍ജ് മോഡ്യുലര്‍ സ്പേസ് സ്റ്റേഷന്) പണിയാനുള്ള സാമഗ്രികളുമായി ഏപ്രില്‍ 21 നാണ് ലോങ് മാര്‍ച്ച് 5 ബി എന്ന റോക്കറ്റ്. ഭൂമിയില്‍നിന്ന് പുറപ്പെട്ടത്. ‘ടിയാന്‍ഗോങ്’ എന്ന ആകാശ കൊട്ടാരത്തിന്റെ മുഖ്യമായ മൊഡ്യൂളായിരുന്നു റോക്കറ്റിന്റെ പെലോഡ് അഥവാ ചരക്ക്. ജ്വലനത്തിന്റെ ഓരോ ഭാഗം കഴിയുമ്പോഴും ദൗത്യം അവസാനിച്ച ബൂസ്റ്റര്‍ റോക്കറ്റുകള്‍ കത്തിയമര്‍ന്ന് കടലില്‍ പതിക്കുകയാണ് പതിവ്. പക്ഷേ മൊഡ്യൂളിനെ ഭ്രമണപഥത്തിലെത്തിച്ച ഈ ലോംഗ് മാര്‍ച്ച് റോക്കറ്റ് നിയന്ത്രണം വിട്ട് നേരെ താഴേക്ക് പോരുകയായിരുന്നുവത്രേ. ചൈന കൈമലര്‍ത്തി.
അതുകൊണ്ടാണ് ‘നാസ’ അധികാരിയായ ബില്‍ നെല്‍സണ്‍ ഇങ്ങനെ പറഞ്ഞത്-ബഹിരാകാശ മാലിന്യങ്ങളെ സംബന്ധിച്ചിടത്തോളം നിലവാരം പാലിക്കുന്ന ഉത്തരവാദിത്വത്തില്‍ ചൈന പരാജയപ്പെട്ടിരിക്കുന്നു. ”ഈ ചൂതുകളിയില്‍ ചൈന ഇക്കുറി ജയിച്ചുവെങ്കിലും ഈ സംഭവം ചൈനയുടെ വരുംകാല ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ച് നിരവധി ഭീഷണികള്‍ ഉയര്‍ത്തുന്നു” കേംബ്രിഡ്ജ് അസ്ട്രോ ഫിസിക്സ് സെന്ററിലെ ശാസ്ത്രജ്ഞന് ജോനാഥന് മാക്ഡവല്‍ കുറിച്ചു. തങ്ങള്‍ തൊടുത്തുവിട്ട റോക്കറ്റിനെ സുരക്ഷിതമായി തിരികെയെത്തിക്കുന്നതില്‍ ചൈന ദയനീയമായി പരാജയപ്പെട്ടുവെന്ന് ആഗോള ശാസ്ത്ര സമൂഹവും കുറ്റപ്പെടുത്തി. തങ്ങളുടെ സ്വപ്ന പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ചുരുങ്ങിയത് ഇതേപോലെയുള്ള ഒരു ഡസന്‍ വിക്ഷേപണങ്ങള്‍ കൂടി വേണ്ടിവരുമെന്ന് ചൈനയുടെ ശാസ്ത്രജ്ഞന്മാര് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ഈ ആശങ്ക തള്ളിക്കളയാനാവില്ല.
സിച്ചുവാന്‍ പ്രവിശ്യയിലെ സിയാങ് വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് തൊടുത്തുവിട്ട പല റോക്കറ്റുകളും സമീപഗ്രാമങ്ങളില്‍ വീണ് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനെ തുടര്‍ന്നാണത്രെ, തെക്ക്-കിഴക്കന്‍ തീര ദ്വീപായ ഹൈനാനില്‍ ചൈന പുതിയ വിക്ഷേപണ കേന്ദ്രം ആരംഭിച്ചത്. പേര് ‘വെന്‍ചാങ്.’ ലോംഗ് മാര്‍ച്ച് 5 ബി പുറപ്പെട്ടത് ഇവിടെ നിന്നായിരുന്നു.
വീണ്ടുവിചാരവും മര്യാദയും കമ്മിയാണെങ്കിലും ബഹിരാകാശ പന്തയത്തില്‍ അമേരിക്കയെപ്പോലും മറികടക്കാനുള്ള ശ്രമത്തിലാണ് ചൈന. ചന്ദ്രനില്‍ നിന്ന് അവര്‍ പാറക്കല്ലുകള്‍ ശേഖരിച്ചുകൊണ്ടുവന്നു. ഇനി ചൊവ്വയില്‍ തങ്ങളുടെ റോബോട്ടിക് വാഹനം (ഷുറോങ്) ഓടിക്കാനാണ് പദ്ധതി. ഇതുവരെ അമേരിക്കയുടെ നാസയ്ക്ക് മാത്രം സാധിച്ച നേട്ടം. പക്ഷേ തങ്ങളുടെ റോക്കറ്റുകളുടെ സാങ്കേതിക പൂര്‍ണതയില്‍ അവര്‍ക്ക് വലിയ താല്‍പ്പര്യമില്ല. ലോംഗ് മാര്‍ച്ച് വിഭാഗത്തില്‍പ്പെട്ട ആദ്യ റോക്കറ്റ് ആഫ്രിക്കയിലെ ഐവറി കോസ്റ്റില്‍ കഴിഞ്ഞ വര്‍ഷമാണ് തകര്‍ന്നു വീണത്.
റോക്കറ്റ് വിക്ഷേപണത്തിന്റെ ചരിത്രത്തില്‍ ഇപ്രകാരമുള്ള പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. അതില്‍ പ്രധാനമാണ് 1979 ല്‍ അമേരിക്കയുടെ സ്കൈലാബിന്റെ തകര്‍ച്ച. കടലിലും പടിഞ്ഞാറന്‍ ആസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുമായാണ് 77 ടണ്‍ ഭാരമുള്ള സ്കൈലാബ് തകര്‍ന്നുവീണത്. ആസ്ട്രേലിയയ്ക്കുണ്ടായ ബുദ്ധിമുട്ടില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പഴയ കാലത്ത് രൂപപ്പെടുത്തിയ ചില അന്തര്‍ദ്ദേശീയ ധാരണകളുടെ വെളിച്ചത്തില്‍ അപകടത്തിനിരയാവുന്ന രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം ചോദിക്കാന്‍ വരെ വ്യവസ്ഥയുണ്ട്. അണുശക്തികൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സോവിയറ്റ് റോക്കറ്റ് പണ്ട് കാനഡയില്‍ പതിച്ചപ്പോള്‍ കാനഡ നഷ്ടപരിഹാരം തേടിയ കഥ മറക്കാറായിട്ടില്ല. പക്ഷേ ചൈനയുടെ അടുത്ത് ഇതൊന്നും നടക്കില്ലല്ലോ.
ഇനി ചൈനയുമായി ബന്ധപ്പെട്ട മൂന്ന് വാല്‍ക്കഷണങ്ങള്‍ കൂടി-രക്തദോഷത്തിനും വിളര്‍ച്ചയ്ക്കും പറ്റിയ നാട്ടുമരുന്നായ ഇജാവോ ഉണ്ടാക്കുന്നതിന് ചൈന പ്രതിവര്‍ഷം 50 ലക്ഷം കഴുതകളെയാണ് കൊന്നൊടുക്കുന്നതത്രേ. ഈ സ്ഥിതി തുടര്‍ന്നാല്‍ കഴുതയുടെ ലോക ജനസംഖ്യ അടുത്ത അഞ്ചുവര്‍ഷത്തിനകം നേര് പകുതിയാകുമെന്നും, സയന്‍സ് പോര്‍ട്ടലായ ഇസഡ് എംഇ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 20 വര്‍ഷംകൊണ്ട് ചൈനയിലെ കഴുതകളുടെ സംഖ്യ 76 ശതമാനം കുറഞ്ഞു. സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര ക്രൂരമായാണ് മരുന്നെടുക്കാനായി ചീനക്കാര്‍ കഴുതകളെ കൊല്ലുന്നതെന്നും ഈ പോര്‍ട്ടല്‍ പറയുന്നു.
കൊറോണ വൈറസുകളെ ഉപയോഗിച്ച് ഒരു മൂന്നാംലോക മഹായുദ്ധം ചൈന ആസൂത്രണം ചെയ്തതായി ‘വീക്ക് എന്‍ഡ് ഓസ്ട്രേലിയന്‍’ റിപ്പോര്‍ട്ട് ചെയ്തു. 2015 ല്‍ ആണ് ചൈനയിലെ ശാസ്ത്രജ്ഞര്‍ ഈ ജൈവയുദ്ധത്തിനായുള്ള ശ്രമം തുടങ്ങിയത്. കൊവിഡിന്റെ തുടക്കം സംബന്ധിച്ച ലോക അന്വേഷണങ്ങളില്‍നിന്ന് ചൈന ഒഴിഞ്ഞു മാറിയതിന്റെ കാരണം ഈ ഗൂഢഗവേഷണം ആയിരുന്നിരിക്കാമെന്ന് കരുതുന്നു. മലിന വാതകങ്ങളായ ഗ്രീന്‍ഹൗസ് വാതകങ്ങള്‍ പുറത്തുവിടുന്നതില്‍ പണ്ടുമുതല്‍ കേമനായിരുന്നു ചൈന. 2019 ലെ കണക്കനുസരിച്ച് ലോകത്തെ എല്ലാ വികസിത രാജ്യങ്ങളും ചേര്‍ന്ന് പുറത്തുവിട്ടതിനെക്കാള്‍ കൂടുതല്‍ മലിന വാതകങ്ങള്‍ ചൈന ഒറ്റയ്ക്ക് പുറത്തുവിട്ടതായി റോഡിയം ഗ്രൂപ്പിന്റെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലോകജനതയുടെ നന്മയിലോ അവരുടെ പുരോഗതിയിലോ ചൈനയ്ക്ക് തരിമ്പും താല്പര്യമില്ലെന്ന് കാണിക്കുന്നതാണ് ഈ സംഭവങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: