തയ് വാന്‍: കോവിഡ് കേസുകള്‍ പൊടുന്നനെ വര്‍ധിച്ചതോടെ കോവിഡ് വാക്സിന് ചോദിച്ചെങ്കിലും ചൈന നല്‍കുന്നില്ലെന്ന പരാതിയുമായി തായ് വാന്‍. പകരം യുഎസ് പ്രസിഡന്റ് ജോ ബൈഡന് പുറം രാജ്യങ്ങള്‍ക്ക് നല്‍കാനുദ്ദേശിക്കുന്ന വാക്സിന്റെ ഒരു പങ്ക് തങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് തയ് വാന്‍.
ലോകരാഷ്ട്രങ്ങളുമായുള്ള തയാവന്റെ ബന്ധങ്ങള്‍ മുറിച്ചുകളയാന്‍ ആഗ്രഹിക്കുന്ന ചൈനയ്ക്ക്, തയ് വാന്‍ വാക്സിനായി യുഎസിനെ സമീപിക്കുന്നത് വലിയ തിരിച്ചടിയായിരിക്കുകയാണ്. പുതിയ ലോകസാഹചര്യത്തില്‍ ചൈനയുടെ ഏറ്റവും വലിയ ശത്രുവാണ് യുഎസ്.
കഴിഞ്ഞ ആഴ്ചയാണ് തായ് വാനില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയര്‍ന്നത്. ഇപ്പോള്‍ ആയിരം പേര്‍ക്കെങ്കിലും കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 2.3 കോടി ജനങ്ങളാണ് തയ് വാനില്‍ ഉള്ളത്. ഇതുവരെ ആകെ ഒരു ശതമാനം പേര് മാത്രമാണ് ഇവിടെ വാക്സിന് സ്വീകരിച്ചിട്ടുള്ളൂ. നേരത്തെ കോവിഡ് കേസുകള്‍ തീരെ കുറവായതിനാല്‍ തയ് വാന്‍കാര്‍ വാക്സിന് എടുക്കാന്‍ തീരെ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ പൊടുന്നനെ കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെയാണ് വാക്സിന് ഡിമാന്റ് കൂടിയത്.
ചൈന തങ്ങളുടെ ഭാഗമാണെന്ന് അവകാശപ്പെടുന്ന തയ് വാനുമായി എപ്പോഴും ഏറ്റുമുട്ടലാണ്. ചൈനയ്ക്കെതിരെ ലോകാരോഗ്യസംഘടനയ്ക്ക് കോവിഡ് വൈറസ് സംബന്ധിച്ച് വിവരങ്ങള്‍ നല്കാന് തായ് വാന്‍ മുന്നോട്ട് വന്നത് ചൈനയെ ചൊടിപ്പിച്ചിരുന്നു. തയ് വാന്‍ ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധം ഇല്ലാതാക്കാനും ചൈന നിരന്തരം ശ്രമിക്കുകയാണ്. ഇതിനെല്ലാം പുറമെ ചൈനയുടെ സൈന്യം തയ് വാനെ നിയന്ത്രിക്കാന്‍ നിരന്തരം ശ്രമിക്കുന്നു.
ഈ ശത്രുതകളുടെയെല്ലാം ഭാഗമായി, നേരത്തെ ചൈനയുടെ വാക്സിന് ആവശ്യമില്ലെന്ന് തയ് വാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈന വാക്സിന് നല്‍കാത്തത് പ്രതികാരനടപടിയാണെന്ന ആരോപണമാണ് തായ് വാന്‍ ഉയര്‍ത്തുന്നത്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ കോടിക്കണക്കിന് ഡോസ് വാക്സിന് എത്തിക്കുന്ന തിരക്കിലാണ് ചൈന ഇപ്പോള്‍. എങ്കിലും തയ് വാന്‍ വാക്സിന് എത്തിക്കുന്ന കാര്യത്തില്‍ ചൈനയ്ക്ക് ഒട്ടും താല്പര്യമില്ലെന്ന് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു.
തയ് വാന്റെ ആരോഗ്യമന്ത്രി ചെന്‍ ഷി ചുങ് പറയുന്നത് തായ് വാന്‍ ബയോണ്‍ടെക് എന്ന കമ്പനിയുമായി 50 ലക്ഷം കോവി്ഡ് വാക്സിന് ഡോസുകള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടിരുന്നു എന്നാണ്. എന്നാല്‍ ചൈനയുടെ ഇടപെടല്‍ മൂലം ഇത് റദ്ദാക്കപ്പെട്ടെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. അതേ സമയം ബയോണ്‍ടെകിന്റെ ഉല്പന്നങ്ങളുടെ വിതരണാവകാശം ചൈനയിലെ ഷാങ്ഹായിലെ ഫോസന്‍ ഫാര്‍മയ്ക്കാണ്. എന്നാല്‍ ഈ കരാര്‍ റദ്ദാക്കപ്പെട്ടതിന് പിന്നില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ചൈനയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: