ചെന്നൈ: തൂത്തുക്കൂടി പോലീസ് വെടിവെപ്പില്‍ മരിച്ചവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും ബന്ധുക്കള്‍ക്ക് ജോലി നല്കി തമിഴ്നാട് സര്‍ക്കാര്‍. ഓരോരുത്തര്‍ക്കും വിദ്യാഭ്യാസ യോഗ്യത അനുസരിച്ചാണ് ജോലി നല്‍കിയിരിക്കുന്നത്. 16 പേരെ ജൂനിയര്‍ അസിസ്റ്റന്റ് പോസ്റ്റിലും ഒരാളെ ജീപ്പ് ഡ്രൈവറുമായാണ് നിയമിച്ചിരിക്കുന്നത്.
തൂത്തുക്കുടി ജില്ലയിലെ റെവന്യൂ, ഗ്രാമ വികസന മന്ത്രാലയങ്ങളിലേക്കാണ് നിയമനം. നിയമന ഉത്തരവ് വെള്ളിയാഴ്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കൈമാറി. 2018 മെയ് 22ന് തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന സമരത്തിനുനേരെയാണ് പോലീസ് വെടിവെപ്പുണ്ടായത്. സമരത്തിന്റെ നൂറാം ദിവസമാണ് വെടിവെപ്പുണ്ടായത്. നിരോധനാജ്ഞ ലംഘിച്ച് കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയവര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 13 പേര് കൊല്ലപ്പെട്ടു. ലാത്തിച്ചാര്‍ജില്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനത്തിനെതിരെയാണ് ജനകീയ പ്രക്ഷോഭം തുടങ്ങിയത്. ജലം, വായു, മണ്ണ് എന്നിവ വിഷമയമാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രക്ഷോഭം. എന്നാല്‍, പിഴയടച്ചശേഷം പ്രവര്‍ത്തനം തുടങ്ങാന്‍ സുപ്രീംകോടതി അനുമതി നല്കി. അന്നത്തെ സര്‍ക്കാരും അനുകൂല തീരുമാനമെടുത്തതോടെയാണ് പ്രക്ഷോഭം ശക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: