ന്യുദല്‍ഹി : കോവിഡ് മഹാമാരിക്കാലത്ത് നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്ന് ഹൈക്കോടതികളോട് സുപ്രീംകോടതി. നാല് മാസത്തിനുള്ളില്‍ ഉത്തര്‍പ്രദേശിലെ നേഴ്സിങ് ഹോമുകളിലെല്ലാം ഓക്സിജന്‍ സൗകര്യം ഉണ്ടായിരിക്കണം, കൂടാതെ യുപിയിലെ എല്ലാഗ്രാമങ്ങളിലും ഒരു മാസത്തിനുള്ളില്‍ ഐസിയു സംവിധാനമുള്ള രണ്ട് ആംബുലന്‍സുകള്‍ വീതം ഉണ്ടായിരിക്കണമെന്നും അലഹബാദ് ഹൈക്കോടതി അടുത്തിടെ ഉത്തരവിറക്കിയിരുന്നു. ഈ വിധി റദ്ദാക്കവേയാണ് സുപ്രീംകോടതി ഹൈക്കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഹൈക്കോടതികള്‍ വിധി പ്രസ്താവന നടത്തുന്നതിന് മുമ്പ് അതിന്റെ പ്രായോഗികത കൂടി സ്വയം വിലയിരുത്തണം. നിലവിലെ സാഹചര്യത്തില്‍ നടപ്പിലാക്കാന്‍ പറ്റാത്ത ഉത്തരവുകള്‍ പുറപ്പെടുവിക്കരുത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ഒരു മാസത്തിനുള്ളില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനത്ത് ആകെ 97,000 ഗ്രാമങ്ങളാണ് ഉള്ളത്. ഇത്രയും ഗ്രാമങ്ങളില്‍ രണ്ട് ഐസിയു സംവിധാനമുള്ള ആംബുലന്‍സുകള്‍ ഒരു മാസത്തിനുള്ളില്‍ സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്നും യുപി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് വിനീത് ശരണ്‍, ബി.ആര്. ഗവായ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അന്താരാഷ്ട്ര തലത്തില്‍ പ്രത്യാഘാതങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടാകാന്‍ ഇടയുള്ള സംഭവങ്ങളില്‍ നിന്നും കൊവിഡ് കാലത്ത് ഹൈക്കോടതികള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അലഹാബാദ് ഹൈക്കോടതിയുടെ വിധി നിര്‍ബന്ധിതമായി കാണേണ്ടതില്ലെന്നും നിര്‍ദ്ദേശമായി കണ്ടാല്‍ മതിയെന്നും സുപ്രീംകോടതി അവധിക്കാല ബെഞ്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: