തിരുവനന്തപുരം: വയനാട് എംപി രാഹുല്‍ ഗാന്ധിയെ ഫേസ്ബുക്കില്‍ ‘വധിച്ച്’ മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി.കെ അബ്ദു റബ്ബ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓര്‍മ്മ ദിനത്തിലിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് അബ്ദു റബ്ബിന് അബദ്ധം പറ്റിയത്.
”ഇന്ത്യയുടെ സമഗ്ര മേഖലകളിലും പുരോഗതിയുടെ വിസ്ഫോടനം തീര്‍ത്ത, സ്വജീവന്‍ തന്നെ രാജ്യത്തിനു സമര്‍പ്പിച്ച ശ്രീ രാഹുല്‍ ഗാന്ധിക്ക് ഓര്‍മ്മപ്പൂക്കള്‍” എന്നാണ് അബ്ദു റബ്ബ് പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഈ പോസ്റ്റ് വൈറലാകുകയും ട്രോളുകള്‍ ഇറങ്ങുകയും ചെയ്തതോടെയാണ് അദേഹത്തിന് അബദ്ധം മനസിലായത്. തുടര്‍ന്ന് പോസ്റ്റ് എഡിറ്റ് ചെയ്ത് തെറ്റ് തിരുത്തി. എന്നിട്ടും എഡിറ്റ് ഹിസ്റ്ററി വെച്ച് ട്രോള്‍ തുടങ്ങിയതോടെ അബ്ദു റബ്ബ് പോസ്റ്റ് മുക്കുകയും പുതിയ പോസ്റ്റ് ഇടുകയുമായിരുന്നു.
രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂരിന്റെ മണ്ണില്‍ മരിച്ചുവീണിട്ട് ഇന്ന് മൂന്നു പതിറ്റാണ്ടു തികഞ്ഞിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന വിശേഷണത്തിനുടമയായ രാജീവ് ഗാന്ധി 47ാം വയസ്സിലാണ് വധിക്കപ്പെട്ടത്. 1991 മെയ് 21ന് രാത്രി പത്തരയോടെ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംബന്ധിക്കാനെത്തിയ രാജീവിനെ എല്‍.ടി.ടി.ഇ സംഘം ചാവേര്‍ സ്ഫോടനത്തിലൂടെ വധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: