കൊല്ലം: ജില്ലാ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറിനല്‍കി. അബദ്ധം പറ്റിയത് തിരിച്ചറിഞ്ഞത് സംസ്കാരത്തിനുശേഷം. കിളികൊല്ലൂര്‍ കന്നിമേല്‍ചേരി കണിയാംപറമ്പില്‍ ശ്രീനിവാസന്റെ (75) മൃതദേഹമാണ് മാറി നല്‍കിയത്. ഇദ്ദേഹം കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവുകൂടിയായിരുന്നു.
കൊല്ലം കച്ചേരി പൂന്തലില്‍ വീട്ടില്‍ സുകുമാരന്റെ (64) ബന്ധുക്കളാണ് മൃതദേഹം കൊണ്ടുപോയി സംസ്കരിച്ചത്. കൊവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയിലായിരുന്ന ശ്രീനിവാസനെ ആരോഗ്യസ്ഥിതി വഷളായതോടെ ബുധനാഴ്ച വൈകിട്ട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് മരിച്ചത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15നാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാനെത്തിയത്.
രജിസ്റ്ററിലെ ടോക്കണ്‍ നമ്പര്‍ അനുസരിച്ച് ശ്രീനിവാസന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസര്‍ പരിശോധിച്ചപ്പോള്‍ കാലിയായിരുന്നു. സുകുമാരന്റെ മൃതദേഹം അധികമായും കണ്ടെത്തി. മൃതദേഹം മാറി നല്‍കിയെന്ന് സ്ഥിരീകരിച്ചതോടെ അധികൃതര്‍ സുകുമാരന്റെ ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും മുളങ്കാടകം ശ്മശാനത്തില്‍ സംസ്കാരം പൂര്‍ത്തിയായിരുന്നു.
മൃതദേഹങ്ങള്‍ രജിസ്റ്ററിലെ നമ്പര്‍ രേഖപ്പെടുത്തിയ ടോക്കണ്‍ കെട്ടിയാണ് ഫ്രീസറില്‍ സൂക്ഷിക്കുന്നത്. ബന്ധുക്കള്‍ എത്തുമ്പോള്‍ ടോക്കണ്‍ നമ്പര്‍ രജിസ്റ്ററില്‍ ഒത്തുനോക്കിയാണ് മൃതദേഹം കൈമാറുന്നത്. സുകുമാരന്റെ ബന്ധുക്കള്‍ എത്തിയപ്പോള്‍ ടോക്കണും രജിസ്റ്ററും ഒത്തുനോക്കാതെ മൃതദേഹം കൈമാറുകയായിരുന്നു. ശരിയായ തിരിച്ചറിയല്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ഭൗതികദേഹം വിട്ടുകൊടുക്കുന്നതെന്ന് ആരോപിച്ച് എന്‍.കെ പ്രേമചന്ദ്രന് എംപി, ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയടക്കം നേതാക്കള്‍ രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
കടുത്ത പനിയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുകുമാരന്‍ കൊവിഡ് ടെസ്റ്റില്‍ പോസിറ്റിവാകുകയും ചികിത്സയിലിരിക്കെ മരണപ്പെടുകയുമായിരുന്നു. കോര്‍പ്പറേഷനില്‍ ശുചീകരണതൊഴിലാളിയായിരുന്നു. ഭാര്യ രമണി. മക്കള്‍: പരേതയായ അമ്പിളി, ആശ. കോണ്‍ഗ്രസ്സിന്റെ പാല്‍കുളങ്ങര മണ്ഡലം 16-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റായിരുന്നു മരിച്ച എസ്. ശ്രീനിവാസന്. ഭാര്യ: ഭാസുരാംഗി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: