തൃശൂര്‍: വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള അതൃപ്തി സിപിഎമ്മിലും ഇടത് മുന്നണിയിലും പുകയുന്നു. പരസ്യ പ്രതികരണത്തിന് ആരും തയാറായിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലും മുന്നണിയിലും ഇത് വലിയ ചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയേക്കും.
ആദ്യമായി നിയമസഭയിലെത്തുന്ന മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പ് നല്‍കിയത് പാര്‍ട്ടി നേതാക്കളെ പോലും ഞെട്ടിച്ചു. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിസഭാംഗമെന്ന നിലയില്‍ പ്രവൃത്തി പരിചയമുള്ള ഏക മന്ത്രി കെ. രാധാകൃഷ്ണനാണ്. രാധാകൃഷ്ണന് നല്കിയതാകട്ടെ താരതമ്യേന ചെറിയ ദേവസ്വം വകുപ്പും.
കഴിഞ്ഞ തവണ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കടകംപള്ളി സുരേന്ദ്രന് സഹകരണ വകുപ്പിന്റെ ചുമതലയുമുണ്ടായിരുന്നു. ഇക്കുറി രാധാകൃഷ്ണന് പട്ടികജാതി ക്ഷേമ വകുപ്പാണ് ദേവസ്വത്തിന് പുറമേ നല്‍കിയിട്ടുള്ളത്. പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയംഗം കൂടിയായ രാധാകൃഷ്ണനെ ഒതുക്കിയെന്ന ആക്ഷേപം തൃശൂരിലുണ്ട്.
മറ്റൊരു കേന്ദ്രക്കമ്മിറ്റിയംഗമായ എം.വി. ഗോവിന്ദനും പ്രതീക്ഷിച്ച വകുപ്പുകളൊന്നും കിട്ടിയില്ല. കഴിഞ്ഞ തവണ ഇ.പി. ജയരാജന് കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പോ പൊതുമരാമത്തോ എം.വി. ഗോവിന്ദനെ ഏല്‍പ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ ലഭിച്ചതാകട്ടെ തദ്ദേശ ഭരണ വകുപ്പും.
സീനിയര്‍ നേതാക്കളായ കേന്ദ്രക്കമ്മിറ്റിയംഗങ്ങള്ക്ക് ഇത്തരത്തില്‍ വകുപ്പുകള്‍ നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ താത്പര്യങ്ങളുണ്ടെന്നാണ് പാര്‍ട്ടിയിലെ അടക്കം പറച്ചില്. പ്രധാന വകുപ്പുകളെല്ലാം ജൂനിയര്‍ മന്ത്രിമാരെ ഏല്‍പ്പിക്കുക വഴി മുഖ്യമന്ത്രിക്ക് നേരിട്ട് ഇടപെടാന്‍ സാഹചര്യമൊരുക്കുകയായിരുന്നുവെന്നാണ് വിമര്‍ശനമുയരുന്നത്.
ഘടക കക്ഷികള്‍ക്കും വകുപ്പ് വിഭജനത്തില്‍ അതൃപ്തിയുണ്ട്. വനം വകുപ്പ് നഷ്ടമായതില്‍ സിപിഐക്കുള്ളില്‍ പ്രതിഷേധമുണ്ട്. പാര്‍ട്ടിയുടെ ഏക വനിതാ മന്ത്രിയായ ചിഞ്ചുറാണിക്ക് താരതമ്യേന ചെറിയ മൃഗക്ഷേമവകുപ്പ് നല്‍കിയതിലും പ്രതിഷേധമുണ്ട്. സിപിഎം നേതൃത്വത്തിന്റെ കണ്ണുരുട്ടലിന് വഴങ്ങി വനം വകുപ്പ് വിട്ടുകൊടുത്തത് വലിയ നഷ്ടമായെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം.
കേരള കോണ്‍ഗ്രസിനും (എം) ഇപ്പോള്‍ ലഭിച്ചിട്ടുള്ള ജലവിഭവ വകുപ്പില്‍ തൃപ്തിയില്ല. യുഡിഎഫിലായിരുന്നപ്പോള്‍ ധനകാര്യവും റവന്യൂവും പോലെ പ്രധാനപ്പെട്ട വകുപ്പുകളാണ് കേരള കോണ്‍ഗ്രസ് കൈകാര്യം ചെയ്തിരുന്നത്. അത് കെ.എം. മാണി എന്ന മുതിര്‍ന്ന നേതാവിനുള്ള പരിഗണന കൂടിയായിരുന്നുവെന്ന് പറയാമെങ്കിലും ഇപ്പോള്‍ ലഭിച്ചിട്ടുള്ള ജലവിഭവ വകുപ്പില്‍ അവര്‍ തൃപ്തരല്ല. വനം, ഗതാഗത വകുപ്പുകളിലേതെങ്കിലും ലഭിക്കുമെന്ന് കേരള കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു. നിലവില്‍ മുന്നണിയിലും സര്‍ക്കാരിലും പിണറായിക്കുള്ള അപ്രമാദിത്വം മൂലം ആരും പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുന്നില്ല എന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: