കേരളത്തിലെ ക്ഷീരകര്‍ഷകര്‍ ഈ ലോക്ഡൗണ്‍ കാലത്ത് കറന്നെടുക്കുന്ന പാല് ഒഴുക്കികളയുകയാണെന്ന വാര്‍ത്ത ഒരു ഞെട്ടലോടെ മാത്രമേ സാധാരണ മലയാളികള്‍ക്ക് ശ്രവിക്കാനാവൂ. മില്‍മയുടെ പാല് സംഭരണം ചുരുക്കിയതാണ് ഈ ദുരവസ്ഥയ്ക്ക് വഴിവച്ചിരിക്കുന്നത്. ലോക്ഡൗണിന്റെ മറവില്‍ പാലിന്റെ വില്‍പ്പന കുറഞ്ഞുവെന്ന ന്യായം പറഞ്ഞ് ഉച്ചയ്ക്കുശേഷമുള്ള പാല് സംഭരണം മില്‍മ നിര്‍ത്തിയതാണ് ക്ഷീരകര്‍ഷകരെ ഇങ്ങനെ ഒരു ഗതികേടില്‍ എത്തിച്ചിരിക്കുന്നത്. ഇതേ മില്‍മ തന്നെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് പാല് വാങ്ങി സംഭരിക്കുകയും ചെയ്യുന്നു. ഓപ്പണ്‍ മാര്‍ക്കറ്റില്‍ പാല് ലിറ്ററിന് 70 രൂപ വിലയുള്ളപ്പോള്‍ കര്‍ഷകരില്‍നിന്ന് വെറും 40 രൂപയ്ക്ക് വാങ്ങുന്ന മില്‍മയാണ് ഇതിലും കുറഞ്ഞ വിലയ്ക്ക് പാല് വരുത്തി കൊടിയ വഞ്ചന കാണിക്കുന്നത്. ലോണെടുത്തും മറ്റും വലിയ തുകയ്ക്ക് പശുക്കളെ വാങ്ങി ഉപജീവനം തേടുന്ന പാവപ്പെട്ട ക്ഷീരകര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. കര്‍ഷകരുടെ പേരില്‍ ഊറ്റംകൊള്ളുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഇത്തരമൊരു വെള്ളം ചേരാത്ത വഞ്ചനയ്ക്ക് മില്‍മ ഇറങ്ങിത്തിരിച്ചിട്ടുള്ളത്.
ഒരു കാലത്ത് കേരളം കണികണ്ടുണരുന്ന നന്മയായിരുന്നു മില്‍മ. ജനങ്ങളില്‍നിന്ന് സംഭരിക്കുന്ന പാലിന് മതിയായ വില ലഭിക്കുന്നതില്‍ ക്ഷീര കര്‍ഷകരും, മിതമായ വിലയ്ക്ക് ശുദ്ധമായ പാലും പാലുല്‍പ്പന്നങ്ങളും വാങ്ങാനാവുന്നതില്‍ ഉപഭോക്താക്കളും സംതൃപ്തരായിരുന്നു. എന്നാല്‍ പശുവിന്റെ മുഖമുള്ള ഐശ്വര്യം തുളുമ്പുന്ന ചിഹ്നത്തോടൊപ്പം ഈ നന്മകളും മില്‍മ കയ്യൊഴിഞ്ഞു. മലയാളികള്‍ക്ക് പാല് അവശ്യ വസ്തുവാണ്. ആവശ്യക്കാര്‍ക്ക് വേണ്ടത്രയും മാര്‍ക്കറ്റില്‍ എത്താറില്ല. ഈ സാധ്യത കണക്കിലെടുത്ത് പരമാവധി പാല് സംഭരിച്ച് ക്ഷീര കര്‍ഷകരെ സഹായിക്കുകയും, ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നതിന് പകരം അടിക്കടി വില വര്‍ധിപ്പിക്കുന്നതില്‍ മാത്രമാണ് മില്‍മ അധികൃതര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശുദ്ധമായ പാല് വിതരണം ചെയ്യുന്നതിനു പകരം മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഗുണനിലവാരമില്ലാത്ത പാല് വാങ്ങി സ്വന്തം ബ്രാന്റില്‍ വിറ്റഴിക്കുന്നതില്‍ മില്‍മയുമുണ്ട്. ബഹുഭൂരിപക്ഷം ഉപഭോക്താക്കളും ഈ സത്യം അറിയുന്നില്ലെന്നു മാത്രം. മില്‍മയുടേത് ശുദ്ധമായ പാലാണെന്നു കരുതി വലിയ വില നല്കി വാങ്ങിച്ച് അവര്‍ സ്വയം വഞ്ചിതരാവുകയാണ്. ഇതേ മില്‍മയാണ് ക്ഷീര കര്‍ഷകരെ ദ്രോഹിച്ചും ഈ വഞ്ചന തുടര്‍ന്നുകൊണ്ടിരിക്കുന്നത്. കൊള്ളലാഭം ലക്ഷ്യമിട്ട് ഇങ്ങനെ ചെയ്യുന്നത് നിര്‍ത്തി ക്ഷീരകര്‍ഷകരില്‍നിന്ന് പരമാവധി പാല് സംഭരിച്ച് ജനങ്ങള്ക്കെത്തിക്കുന്നതിന് മില്‍മയ്ക്ക് യാതൊരു തടസ്സവുമില്ല. പക്ഷേ സ്വകാര്യ കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്നതിനാലാവാം മില്‍മ അധികൃതര്‍ ഇതിന് താല്‍പ്പര്യമെടുക്കുന്നില്ല.
പശുവുമായി ബന്ധമില്ലാത്ത വസ്തുവാണ് പാല് എന്ന വ്യാജേന പല കമ്പനികളും കേരളത്തില്‍ വര്‍ഷങ്ങളായി വിറ്റഴിക്കുന്നത്. തെങ്ങുമായി ബന്ധമില്ലാത്ത ‘കള്ള്’ കേരളത്തിലെത്തിച്ച് വിറ്റഴിക്കുന്നതുപോലെയാണ് ഇതും. യഥാര്‍ത്ഥത്തില്‍ കവറിലാക്കി മലയാളികളുടെ കയ്യിലെത്തിക്കുന്നത് പാല് അല്ല. കൃത്രിമ കള്ള് വിറ്റഴിക്കുന്നതില്‍ ചെത്തുതൊഴിലാളികള് നിസ്സംഗരാണ്, അല്ലെങ്കില്‍ നിസ്സഹായരാണ്. പാലിന്റെ കാര്യത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാനാവില്ല. അവര്‍ ഒറ്റക്കെട്ടായി നിന്ന് ശക്തമായി പ്രതികരിക്കണം. ഇതിന് ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്നുറപ്പാണ്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് വെണ്ണ നീക്കിയശേഷമുള്ള പാലാണ് കേരളത്തിലെ പാലുല്‍പ്പാദന കമ്പനികള്‍ എത്തിക്കുന്നത്. ഈ വെളുത്ത വെള്ളത്തില്‍ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നമുക്കു വേണ്ടതിന്റെ 20 ശതമാനം പാല് മാത്രമേ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. ബാക്കിയുള്ളത് ഇപ്രകാരം കടത്തിക്കൊണ്ടുവരുന്ന വൈറ്റ് പോയ്സനാണ്. പാരമ്പര്യത്തിന്റെ പേരു പറഞ്ഞ് പലരും വിറ്റഴിക്കുന്ന ഇത് മനുഷ്യരുടെ ആന്തരികാവയവങ്ങള്‍ തകര്‍ക്കുകയും, പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ഒരുവയസ്സായ കുഞ്ഞിനു പോലും വാങ്ങിക്കൊടുക്കുന്നത് മാരകമായ ഈ രാസവസ്തുവാണെന്ന ബോധം ശരാശരി മലയാളിക്ക് ഇനിയും ഉണ്ടായിട്ടില്ല. സ്വകാര്യ കമ്പനികള്‍ക്കു പുറമെ സര്‍ക്കാര്‍ അധീനതയിലുള്ള ഒരു സ്ഥാപനവും ഈ കൊലച്ചതി ചെയ്യുന്നത് അവസാനിപ്പിച്ചേ മതിയാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: