ആത്മജ്ഞാനിക്ക് ബ്രഹ്മമല്ലാതെ മറ്റൊന്നില്ല. ബ്രഹ്മത്തിന്റെ ഒരു വെറും കളി മാത്രമാണ് ജഗത്. അജ്ഞന് ജഗത്ത് സത്യമാണെന്ന് തോന്നുമ്പോള്‍ ജ്ഞാനിക്ക് അത് മിഥ്യയാണ്. അജ്ഞന് വിഷയങ്ങള്‍ക്ക് പിന്നാലെ പായും. എന്നാല്‍ ജ്ഞാനിക്ക് വിഷയങ്ങളില്‍ ഒട്ടും താല്‍പ്പര്യമില്ല. എത്രയേറെ വിഷയങ്ങള്‍ തന്നിലേക്ക് എത്തിയാലും വിവേകിയായ അയാള്‍ അതില്‍ രമിക്കില്ല. ഞാന്‍ വിഷയങ്ങളിലല്ല, അവ എന്നിലാണ്. ജ്ഞാനി വിഷയങ്ങള്‍ക്ക് വിധേയനല്ല, അവയുടെ അധിപനാണ്.
വിഷയങ്ങള്‍ ജ്ഞാനിയുടെ പിന്നാലെ ചെന്ന് ഒന്ന് സേവിക്കാന്‍ അവസരം തരണേ എന്ന് കേണപേക്ഷിക്കും. അജ്ഞാനിയുടെ കാര്യം നേരെ തിരിച്ചാണ്. അയാള്‍ അടിമയെപ്പോലെ വിഷയങ്ങളുടെ കാലു പിടിക്കും.
ജ്ഞാനി വിഷയങ്ങളുടെ യജമാനും അജ്ഞാനി വിഷയ യാചകനുമാണ്.
വിഷയ വികാരവിചാരങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് പൂര്‍ണവും ശാശ്വതവുമായ മുക്തി. അബോധാവസ്ഥയിലും ഉറക്കത്തിലും അനുഭവിക്കുന്നത് താല്‍ക്കാലിക മുക്തിയാണ്. ഈ രണ്ട് അവസരങ്ങളിലും മനസ്സും ബുദ്ധിയും വിശ്രമത്തിലായതിനാല്‍ വിഷയങ്ങള്‍ കേറിക്കൂടില്ല. ഉണര്‍ന്നാല്‍ പിന്നെ വീണ്ടും പഴയപോലെയാകും. പൂര്‍ണവിമുക്തി നേടിയാല്‍ സര്‍വ്വതന്ത്ര സ്വതന്ത്രനായി.
ശ്ലോകം 337
കഃ പണ്ഡിതഃ സന് സദസദ് വിവേകീ
ശ്രുതിപ്രമാണഃ പരമാര്ത്ഥദര്ശീ
ജാനന്‍ ഹി കുര്യാദസതോളവലംബം
സ്വപാതഹേതോഃ ശിശുവന് മുമുക്ഷുഃ
സത്തിനേയും അസത്തിനേയും വേര്‍തിരിച്ചറിയാവുന്ന വിവേകിയും വേദങ്ങളെ പ്രമാണമാക്കിയവനും പരമാര്‍ത്ഥ ദര്‍ശിയും മുമുക്ഷുവുമായ ഏതൊരു പണ്ഡിതനാണ് സ്വന്തം പതനത്തിനു കാരണമായ അസദ് വസ്തുക്കളെ ശിശുക്കളെപ്പോലെ ആശ്രയിക്കുക? ബുദ്ധിയുള്ള ഒരാളുപോലും വിഡ്ഢിയെപ്പോലെ ജീവിക്കില്ല. ഉപനിഷത്തുക്കളും മറ്റ് ശാസ്ത്രങ്ങളും നന്നായി പഠിച്ച ജ്ഞാനിയെയാണ് പണ്ഡിതന് അഥവാ ബുദ്ധിമാന് എന്ന് പറയുന്നത്. പണ്ഡിതനായിട്ട് മാത്രം കാര്യമില്ല. സത്തും അസത്തും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിവുണ്ടാകണം. ശ്രുതി പ്രമാണമായി അംഗീകരിക്കുകയും പരമാര്‍ത്ഥത്തെ ദര്‍ശിക്കാന്‍ ആത്മാര്‍ത്ഥമായി പ്രയത്നിക്കുകയും വേണം.
ഈ ഗുണങ്ങളുള്ള മുമുക്ഷു ക്ഷണിക സുഖങ്ങളെ തരുന്ന നശ്വര വിഷയങ്ങളെ ആശ്രയിക്കുകയില്ല.
അറിവില്ലാത്ത കുട്ടികള്‍ പാമ്പിനെ പിടിക്കുകയോ തീയില്‍ തൊടുകയോ ഒക്കെ ചെയ്യും. അവയുടെ അപകടം മനസ്സിലാക്കിയാല്‍ പിന്നെ പേടിച്ച് അടുത്തു പോലും പോകില്ല.
അതുപോലെ അറിവുള്ളവര്‍ ഒരിക്കലും വിഷയ വസ്തുക്കള്‍ക്ക് പുറകെ ഓടില്ല. അതിനാല്‍ വിവേകി വീഴ്ച പറ്റാതെ നോക്കണം. സ്വയം അപകടത്തില്‍ ചെന്ന് ചാടരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: